അന്തര്‍സംസ്ഥാന മോഷണ സംഘം പിടിയില്‍

തിങ്കള്‍, 10 ഓഗസ്റ്റ് 2015 (20:30 IST)
നിരവധി മോഷണങ്ങള്‍ക്ക് തുമ്പുണ്ടാക്കിക്കൊണ്ട് അന്തര്‍ സംസ്ഥാന ബന്ധമുള്ള മോഷണ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി സ്വദേശികളായ വാവ എന്ന വിഷ്ണുദത്ത് (21), സലാഹുദ്ദീന്‍ (21), തന്‍‍സീര്‍ (18), വര്‍ക്കല കരിനിലക്കോട് സിനീഷ് (19), കല്ലുവാതുക്കള്‍ സഞ്ജയ് (18), ചാവര്‍കോട് പാളയം‍കുന്ന് സ്വദേശി നന്ദു എന്ന അഖില്‍ (19) എന്നിവര്‍ക്കൊപ്പം 17 കാരനായ ഒരാളും പൊലീസ് വലയിലായി. 
 
തിരുവനന്തപുരം ജില്ലയിലെ ഒരു പ്രമുഖ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്താന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ് ഇവരെ പിടികൂടിയത്. ഇവര്‍ക്കൊപ്പം കുപ്രസിദ്ധ വാഹനമോഷ്ടാക്കളായ പാറശാല മര്യങ്കര കൂവരവുവിള വീട്ടില്‍ പ്രസാദ് എന്ന സജു (31), രാമപുരം മേലേ കുഞ്ചുവീട്ടുവിളാകം വീട്ടില്‍ സഞ്ജു എന്ന സഞ്ജിത് (24) എന്നിവരെയും പൊലീസ് പിടിച്ചു. 
 
നിവരധി മോഷണക്കേസുകള്‍, അബ്കാരി കേസുകള്‍ എന്നിവയ്ക്ക് പിടിയിലായ ആളാണ് വിഷ്ണുദത്ത്. ഇവരില്‍ നിന്ന് അഞ്ച് ന്യൂജനറേഷന്‍ ബൈക്കുകള്‍, ഒരു ഹുണ്ടായ് കാര്‍, ഒരു ഹീറോ ഹോണ്ടാ സ്കൂട്ടര്‍, മൊബൈല്‍ ഫോണുകള്‍, ലാപ് ടോപ്പുകള്‍ എന്നിവയും പിടിച്ചെടുത്തു. മോഷണ ബൈക്കുമായി പതിനേഴുകാരനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംഘത്തെ കുറിച്ചു വിവരം അറിഞ്ഞതും കളിയിക്കാവിള നിന്ന് അറസ്റ്റ് ചെയ്തതും. മോഷ്ടിച്ച മിക്ക വാഹനങ്ങളും അന്യസംസ്ഥാനത്താവാം ഇവര്‍ വിറ്റഴിച്ചത് എന്നാണു സംശയം.
 
റൂറല്‍ എസ്.പി ഷെഫീന്‍ അഹമ്മദ്, നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി സുരേഷ് കുമാര്‍, ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി പ്രതാപന്‍ നായര്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് ഇവരെ വലയിലാക്കിയത്.

വെബ്ദുനിയ വായിക്കുക