കോഴിക്കോട്: കോഴിക്കോട്ടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്ന് പതിനാലു ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിച്ചിറ കൊശാനി വീട്ടിൽ ഹംദാൻ അലി എന്ന റെജുഭായി (42) ആണ് വെള്ളയിൽ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ വെള്ളയിൽ, മെഡിക്കൽ കോളേജ്, ചേവായൂർ, ചെമ്മങ്ങാട്, കസബ എന്നീ പോലീസ് സ്റ്റേഷനുകളിൽ നിന്നാണ് ഇയാൾ 14 ഇരുചക്ര വാഹങ്ങൾ മോഷ്ടിച്ചത്.
സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ട ആളുടെ രൂപം കോഴിക്കോട് വിമാന താവളത്തിൽ സ്വർണ്ണ കടത്ത് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചു കടന്നുകളഞ്ഞ കേസിലെ പ്രതിയായ ഹംദാൻ അലിയുടെ സാദൃശ്യം ഉണ്ടെന്നു കണ്ടു. തുടർന്ന് ഹംദാൻ അലിയെ നിരീക്ഷിച്ചപ്പോൾ ഇയാൾ തന്നെയാണ് മോഷ്ടാവെന്നു കണ്ടെത്തുകയും ബേപ്പൂർ ഹാർബറിനു സമീപം വച്ച് പിടികൂടുകയും ചെയ്തു.
ബാങ്ക് റിക്കവറി വഴി ലഭിച്ച വാഹനങ്ങൾ ആണ് ബൈക്കുകൾ എന്ന് കബളിപ്പിച്ചാണ് ഇയാൾ ഈ വാഹനങ്ങൾ കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിൽ വിൽപ്പന നടത്തിയത്. ഇതിൽ 9 എൻഫീൽഡ് ബുള്ളറ്റുകളും ഉണ്ട്. ഇയാൾ മോഷ്ടിച്ച 12 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.