ക്ഷേത്ര കവര്‍ച്ച: സ്വര്‍ണ കിരീടവും കവര്‍ന്നു

വ്യാഴം, 17 ജൂലൈ 2014 (15:58 IST)
കാട്ടാക്കടയ്ക്കടുത്ത് ആര്യനാട് അയ്യന്‍കാല മഠം ഭദ്രകാളി ക്ഷേത്രത്തില്‍ നടന്ന വന്‍ കവര്‍ച്ചയില്‍ ശ്രീകോവിലില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ കിരീടവും മോഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതിനൊപ്പം ലക്ഷങ്ങള്‍ വിലപിടിപ്പുള്ള സ്വര്‍ണത്തിലുള്ള ആടയാഭരണങ്ങളും നഷ്ടപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
 
അഞ്ചു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ കിരീടം, നാലര പവന്‍റെ രണ്ട് നെക്‍ലേസുകള്‍, ആറു സ്വര്‍ണ്ണ പൊട്ടുകള്‍, വെള്ള കല്ല് പതിച്ച മൂക്കുത്തി, ചുവപ്പു കല്ലിലെ ഒരു ജോഡി കമ്മല്‍, പത്തുപവന്‍ തൂക്കമുള്ള ആടയാഭരണങ്ങള്‍ എന്നിവയാണു മോഷണം പോയത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു. 
 
അതേ സമയം വെള്ളി മുഖ ചാര്‍ത്ത്, വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന താലി, കാണിക്ക വഞ്ചികള്‍ എന്നിവ മോഷണം പോയിട്ടില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ ക്ഷേത്ര പൂജാരി അരവിന്ദ് കൃഷ്ണന്‍ ശ്രീകോവില്‍ തുറക്കാനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.  
 
ക്ഷേത്രത്തിലെ കാര്യങ്നളെല്ലാം നന്നായി അറിയാവുന്ന ആരെങ്കിലും ആകാം മോഷണത്തിനു പിന്നില്‍ എന്നാണു കരുതുന്നത്. പിന്‍മതില്‍ ചാടിക്കടന്ന മോഷ്ടാവ് ക്ഷേത്ര വളപ്പില്‍ പ്രവേശിച്ച് അര്‍ച്ചന കൌണ്ടരിലെ ബള്‍ബ് ഊരി മാറ്റി തിടപ്പള്ളിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ എടുത്ത് ശ്രീകോവിലില്‍ മോഷണം നടത്തിയ ശേഷം താക്കോല്‍ തിരികെ യഥാ സ്ഥാനത്തു വച്ചിട്ടുണ്ട്. ആര്യനാട് പൊലീസ് കേസെടുത്ത് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക