മാല പിടിച്ചുപറി : 2 പേര്‍ അറസ്റ്റില്‍

തിങ്കള്‍, 27 ജൂലൈ 2015 (20:39 IST)
കാറില്‍ കറങ്ങി മാല പിടിച്ചു പറിക്കുന്ന സംഘത്തിലെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ വര്‍ക്കല റെയില്‍വേ സ്റ്റേഷനടുത്തു വച്ചാണ് മലയിന്‍കീഴ് മച്ചിനാട് റോഡരികത്തു വീട്ടില്‍ തങ്കരാജ്, ചെമ്മരുതി വലിയവിള എസ്.എസ്. നിവാസില്‍ സതീഷ് എന്നിവര്‍ പൊലീസ് വലയിലായത്.
 
ചങ്ങനാശേരി ഫയര്‍സ്റ്റേഷനു സമീപം ഒരു സ്ത്രീയുടെ 8 പവന്‍ മാല, മറ്റൊരു സ്ത്രീയുടെ 2 പവന്‍ മാല എന്നിവ പിടിച്ചുപറിച്ചത് ഇവരാനെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലിനടുത്തെ ഒരു സ്ത്രീയുടെ മാല, കോട്ടയ്ക്കകത്ത് ഒരു സ്ത്രീയുടെ 3 പവന്‍ മാല, ചെന്തിട്ടയില്‍ റോഡിലൂടെ പോവുകയായിരുന്ന ഒരു സ്ത്രീയുടെ 2 പവന്‍ മാല എന്നിവയും തങ്ങള്‍ പിടിച്ചു പറിച്ചതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.  
 
ശംഖുമുഖം, ഇടപ്പഴഞ്ഞി, വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്നും ഇവര്‍ സ്ത്രീകളുടെ മാല പിടിച്ചുപറിച്ച കേസുകളിലെ പ്രതികളാണ്. ഇരട്ടക്കൊലക്കേസ് പ്രതികൂടിയായ തങ്കരാജിന്‍റെ കൂട്ടാളിയായ സതീഷ് കല്ലമ്പലം കാര്‍ മോഷണ കേസിലെയും കുഞ്ഞുമോന്‍ കൊലക്കേസിലെയും പ്രതിയാണ്. 
 
റൂറല്‍ ജില്ലാ പൊലീസ് മേധാവി ഷെഫിന്‍ അഹമ്മദിന്‍റെ നിര്‍ദ്ദേശാനുസരണം ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി സുല്‍ഫിക്കര്‍, ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി പ്രതാപന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

വെബ്ദുനിയ വായിക്കുക