ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ പൊലീസ് പിടിയിലായി. കഴിഞ്ഞ ദിവസം വൈകിട്ട് വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയാണ് പൊലീസ് യുവാക്കളെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ബൈക്ക് മോഷ്ടിച്ചതാണെന്ന് യുവാക്കള്‍ സമ്മതിച്ചു.
തിരുവഞ്ചൂര്‍ ദുര്‍ഗ്ഗുണ പരിഹാര പാഠശാലയില്‍ നിന്ന് വെന്‍റിലേറ്ററിന്‍റെ അഴികള്‍ അറുത്തുകാറ്റി രക്ഷപ്പെട്ട സതീഷ്, റോഷന്‍ എന്നീ യുവാക്കളാണു പൊലീസ് വലയിലായത്. ഇവരുടെ പേരില്‍ ലോറി, ബൈക്ക് തുടങ്ങിയ വാഹനങ്ങള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.
നാഗമ്പടം മുള്ളന്‍കുഴി ഭാഗത്തു നിന്നാണ് ബൈക്ക് മോഷ്ടിച്ചതെന്ന് യുവാക്കള്‍ സമ്മതിച്ചു. കളമശ്ശേരിയിലെത്തിയപ്പോള്‍ അവിടെ പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ ബാറ്ററിയും അടിച്ചുമാറ്റി. ബാറ്ററി പിന്നീട് ആലുവയില്‍ വിറ്റഴിച്ചു.
മുണ്ടക്കയം, പീരുമേട് സ്വദേശികളാണ് തങ്ങളെന്ന് യുവാക്കള്‍ പറഞ്ഞെങ്കിലും അത് ശരിയല്ലെന്നാണു പൊലീസ് പറയുന്നത്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.