പാഠപുസ്തകങ്ങള്‍ക്ക് വിട; ഇനി ടാബ്ലറ്റുകള്‍ പഠിപ്പിക്കും
വ്യാഴം, 21 ഓഗസ്റ്റ് 2014 (18:59 IST)
പഠിച്ച് പഠിച്ച് ക്ലാസുകള്‍ മുന്നേറുന്നതനുസരിച്ച് ബാഗിന്റെ വലുപ്പവും കുട്ടികളുടെ നടുവൊടിക്കുന്ന കന്വും കൂടിവരുന്നതില്‍ നിന്ന് വിദ്യാര്‍ഥികളെ രക്ഷിക്കുന്നതിനായി പാഠപുസ്തകത്തിനു പകരം ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.
സംസ്ഥാനത്തേ സിബിഎസ്‌ഇ സ്കൂളുകള്‍ ഈ ആശയം പരീക്ഷിച്ച് നടപ്പാക്കാന്‍ തുടങ്ങുന്നതിനിടെയാണ് സര്‍ക്കാര്‍ ഇത്തരമൊരാശയത്തേക്കുറിച്ച് ചിന്തിക്കുന്നത്. എട്ടാം ക്ളാസ് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്ക് ടെക്സ്റ്റ് ബുക്കുകള്‍ക്ക് പകരം ടാബ്ലറ്റുകള്‍ നല്‍കി പട്ടാമ്പി എം.ഇ.എസ് ഇന്‍റര്‍ നാഷനല്‍ സ്കൂള്‍ ഈ ആശയത്തിന് വിജയകരമായി നടപ്പിലാക്കിയതാണ് സര്‍ക്കാരിനു മുന്നിലുള്ള മാതൃക.
ഇവിടെ നല്‍കിയ ടാബ്ലറ്റുകളില്‍ കുട്ടികള്‍ ഏതൊക്കെ സൈറ്റുകള്‍ സന്ദര്‍ശിച്ചു എന്ന് അറിയാന്‍ സാധിക്കുന്ന സാങ്കേതം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതേ മാതൃകയില്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത140 സ്കുളുകളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ടാബ്ലറ്റ് നല്‍കാന്‍ ഐടി അറ്റ് സ്കൂളിന് പദ്ധതിയുണ്ട്. ഒരു അസംബ്ളി നിയോജകമണ്ഡലത്തില്‍നിന്ന് ഒരു സ്കൂള്‍ എന്ന രീതിയിലാണ് തെരഞ്ഞെടുക്കുക.
അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കുന്നതിനായി മൂന്നു കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇത് വിജയകരമായി നടക്കുകയാണെങ്കില്‍ മറ്റു സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ നിന്നും സാവധാനം ടെക്സ്റ്റ് ബുക്കുകള്‍ അപ്രത്യക്ഷമാവും.