കോഴ വിവാദം: തുറന്നടിച്ച് സുരേഷ് ഗോപി രംഗത്ത് - ബിജെപി സമ്മര്‍ദ്ദത്തില്‍
ശനി, 22 ജൂലൈ 2017 (16:51 IST)
ബിജെപി നേതാക്കളടങ്ങിയ മെഡിക്കൽ കോളജ് കോഴ വിവാദവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി എംപിയും നടനുമായ സുരേഷ് ഗോപി രംഗത്ത്.
പുറത്തുവന്ന റിപ്പോര്‍ട്ടിന്റെ സത്യസന്ധത പരിശോധിക്കണം. സംഭവത്തില്‍ നേതാക്കളെ കുടുങ്ങിയിട്ടുണ്ടോ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. നേതൃത്വം ഇക്കാര്യങ്ങളില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.
ആരോപണത്തില്‍ സത്യാവസ്ഥ ഉണ്ടോ ഇല്ലയോ എന്നു താനിപ്പോള്‍ പറയുന്നില്ല. എല്ലാവരും കേരളത്തിലേക്ക് ഉറ്റുനോക്കുന്ന സാഹചര്യമുള്ളതിനാല്‍ തെളിയിക്കപ്പെടേണ്ട കാര്യമാണിത്. നേതൃത്വം നല്ല രീതിയില്‍ അന്വേഷണം നടത്തി ഒരു നിഗമനത്തിലെത്തും. തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തില്‍ പാര്‍ട്ടിക്കൊരു നാഥനുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
പാര്‍ട്ടിയുടെ അന്തസും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനങ്ങളാകും നേതൃത്വം എടുക്കുക. എന്തു സംഭവിച്ചാലും ജനഹിതം തന്നെയേ നടക്കാവൂ എന്നും കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
അതേസമയം, മെഡിക്കൽ കോളജ് കോഴ വിവാദവുമായി ബന്ധപ്പെട്ട് എംടി രമേശ് പൊട്ടിക്കരഞ്ഞു. ബിജെപി നേതൃയോഗത്തിലാണ് അദ്ദേഹം കരഞ്ഞത്. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നു പറഞ്ഞ രമേശ് പാർട്ടിയിലെ ചിലർ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും പറഞ്ഞു.
ഒപ്പമുള്ളവര്‍തന്നെ തനിക്കെതിരെ ഗൂഢാലോചന നടത്തി. ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ താൻ ഇനി പാര്‍ട്ടിയില്‍ ഉണ്ടാകില്ല. ചിലർ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. വിവാദവുമായി ബന്ധപ്പെട്ട് പാർട്ടി സമഗ്രമായ അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും രമേശ് യോഗത്തില്‍ പറഞ്ഞു.