കേന്ദ്രത്തിനെതിരെ 25 ലക്ഷം പേരെ അണിനിരത്തി സംസ്ഥാനത്ത് പ്രത്യക്ഷ സമരവുമായി ഇടതുപക്ഷം

എ കെ ജെ അയ്യര്‍

ഞായര്‍, 15 നവം‌ബര്‍ 2020 (12:08 IST)
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന വികസന പദ്ധതികളെ തകിടം മറിക്കാന്‍ വിവിധ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ഇടതുമുന്നണി നാളെ 25 ലക്ഷം പേരെ അണിനിരത്തി സംസ്ഥാനത്തുടനീളം എല്ലാ ബൂത്തുകളിലും പ്രതിരോധ സമരം തീര്‍ക്കാന്‍ തയ്യാറെടുക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ പദ്ധതികളെ കുറിച്ചുള്ള ആരോപണങ്ങള്‍ സത്യത്തിനു വിരുദ്ധമാണെന്നും അത് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇടതുമുന്നണി വക്താക്കള്‍ പറയുന്നു.
 
എന്നാല്‍ കോണ്‍ഗ്രസും ബി.ജെ.പി യും ഒത്തുചേര്‍ന്ന് ഇതിനെതിരെ വ്യാപകമായ നിരന്തര പ്രചാരണം നടത്തുകയാണെന്നും ഇടതു മുന്നണി വിമര്‍ശനം നടത്തുന്നു.അതെ സമയം സ്വര്‍ണക്കടത്തു കേസിലും ലൈഫ് അഴിമതി കേസിലും ഈന്തപ്പഴ കടത്തിലും കൂടാതെ കോടിയേരി പ്രശ്‌നത്തിലും പ്രതിരോധത്തിലായിരിക്കുന്ന ഇടതുമുന്നണി ഈ തെറ്റുകള്‍ മറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര ഏജന്‍സികള്‍ക്കുമെതിരെ ഇത്തരമൊരു സമരത്തിനിറങ്ങുന്നത് എന്നാണ് ബി.ജെ.പിയും കോണ്‍ഗ്രസും ആരോപിക്കുന്നത്.
 
കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കൂട്ടുനില്‍ക്കുന്നതെന്ന് ഇടതു മുന്നണി ആരോപിക്കുന്നു. ഇതിനൊപ്പം കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് സി.എ.ജി ക്കെതിരെയും രംഗത്തുവന്നു.
 
ബൂത്തുകളിലാണ് പ്രതിരോധ സമരം നടത്തുക. ഈ ജനകീയ പ്രതിരോധത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ് നേതാക്കള്‍ പങ്കെടുക്കും എന്നാണ് കണക്കാക്കുന്നത്. അതെസമയം മന്ത്രിമാര്‍ പങ്കെടുക്കേണ്ട എന്നാണു തീരുമാനം. സ്ഥാനമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനും സമരത്തില്‍ പങ്കെടുക്കില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍