അരിമ്പൂര്‍ ഇടവകയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തീര്‍ത്ഥകേന്ദ്ര തിരുന്നാളിന് തുടക്കം. ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മം വെള്ളിയാഴ്ച നടന്നു. ഇന്ന് വൈകിട്ട് 5.30 ന് തീര്‍ത്ഥകേന്ദ്രത്തില്‍ നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് മെല്‍ബണ്‍ രൂപത മുന്‍ മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ലദീഞ്ഞ്, നൊവേന, കൂടുതുറക്കല്‍, ഹാരാര്‍പ്പണം എന്നിവ നടക്കും. നൂറു കണക്കിനു വിശ്വാസികളാണ് ഈ ചടങ്ങുകളില്‍ പങ്കെടുക്കുക.
പ്രധാന തിരുന്നാള്‍ ദിനമായ ഞായറാഴ്ച രാവിലെ 5.30, 7.00, 8.30 എന്നീ സമയങ്ങളില്‍ ദിവ്യബലി. രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് ഫാ.തോമസ് എടക്കളത്തൂര്‍ മുഖ്യ കാര്‍മികത്വം വഹിക്കും, ഫാ ജസ്റ്റിന്‍ പൂഴിക്കുന്നേല്‍ തിരുന്നാള്‍ സന്ദേശം നല്‍കും. വൈകിട്ട് നാലിന് നടക്കുന്ന ദിവ്യബലിക്ക് ഫാ അരുണ്‍ കാഞ്ഞിരത്തിങ്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഇടവക അതിര്‍ത്തിയിലേക്ക് ആഘോഷമായ തിരുന്നാള്‍ പ്രദക്ഷിണം. രാത്രി ഏഴിന് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരുമ്പോള്‍ തിരുന്നാള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെടിക്കെട്ട്. തുടര്‍ന്ന് പള്ളി അങ്കണത്തില്‍ ലേലം. ഒക്ടോബര്‍ 22 ഞായറാഴ്ച രാവിലെ ഒന്‍പത് മണിയുടെ കുര്‍ബാനയ്ക്ക് ശേഷം ഉച്ചയ്ക്ക് രണ്ട് വരെ തുടര്‍ച്ചയായി നേര്‍ച്ച ഊട്ട് വിതരണം നടക്കും.
തിരുന്നാള്‍ പ്രധാന ദിനമായ ഞായറാഴ്ച (ഒക്ടോബര്‍ 15) രാത്രി ഏഴ് മുതലാണ് പ്രസിദ്ധമായ അങ്ങാടി വളയെഴുന്നള്ളിപ്പ്. അരനൂറ്റാണ്ടോളമായി കുന്നത്തങ്ങാടിയിലെ വ്യാപാരികളും സൗഹൃദസംഘവും ചേര്‍ന്ന് നടത്തുന്ന ആഘോഷമായ വളയെഴുന്നള്ളിപ്പില്‍ പ്രായഭേദമന്യേ നിരവധി ആളുകള്‍ പങ്കെടുക്കും. കോട്ടപ്പടി സുരേന്ദ്രന്‍ നയിക്കുന്ന നാദസ്വരവും എയ്ഞ്ചല്‍ വോയ്‌സ് മൂവാറ്റുപ്പുഴയുടെ ബാന്റ് വാദ്യവും ആട്ടം കലാസമിതിയുടെ ശിങ്കാരിമേളവും വളയെഴുന്നള്ളിപ്പിന്റെ മാറ്റ് കൂട്ടും.