തൃപ്പൂണിത്തറയിൽ ബി ജെ പി സ്ഥാനാർഥിയാകാൻ സമ്മതമെന്ന് എസ് ശ്രീശാന്ത്

ചൊവ്വ, 22 മാര്‍ച്ച് 2016 (15:28 IST)
തൃപ്പൂണിത്തുറയിൽ മൽസരിക്കാൻ തയാറെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് അറിയിച്ചു. മത്സരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും സ്ഥാനാർഥിയാകുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ബി ജെ പിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നുവെന്നും ശ്രീശാന്ത് അറിയിച്ചു. അന്തിമ തീരുമാനം നാളെയുണ്ടാകുമെന്നും ശ്രീ പറഞ്ഞു.
 
ബി ജെ പി സ്ഥാനാർഥിയായി മത്സരിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് ശ്രീശാന്തിന് സന്ദേശമറിയിച്ചത് ദേശീയ അധ്യക്ഷൻ അമിത് ഷായാണ്. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരിയുടെ അച്ഛൻ ഹിരേന്ദ്ര സിങ് ഷെഖാവത്തിന് മധ്യപ്രദേശിലെ ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്.
 
ശ്രീശാന്തിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതൃത്വം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നാളെ കേരളത്തിലെത്തുന്ന ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായുമായി ശ്രീശാന്ത് കൂടിക്കാഴ്ച്ച നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാവുക.
 
മറ്റു പല പ്രമുഖരെയും മൽസരിപ്പിക്കാൻ ബിജെപി നീക്കം തുടരുകയാണ്. നാലു ദിവസത്തിനകം അന്തിമ സ്ഥാനാർഥി പട്ടിക തയ്യാറാക്കും. 

വെബ്ദുനിയ വായിക്കുക