നിർബന്ധപൂർവ്വം കുരുക്കിലാക്കുകയായിരുന്നു; ആ ചാനലില്‍ നിന്നും നേരിട്ടത് കൊടും വഞ്ചനയെന്ന് സോണിയ

ബുധന്‍, 29 മാര്‍ച്ച് 2017 (07:49 IST)
എ കെ ശശീന്ദ്രനെ രാജിയിലേക്ക് നയിച്ച സംഭവങ്ങൾ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. പാനല്‍ ചര്‍ച്ചയിലേക്ക് എന്നു പറഞ്ഞ് ആ ചാനല്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി രംഗത്തു വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും സ്ത്രീ പ്രവര്‍ത്തകയുമായ സോണിയ ജോര്‍ജ്. ശശീന്ദ്രനെതിരെയുള്ള വാര്‍ത്തയുടെ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരിൽ ഒരാളാണ് സോണിയ.
 
സോണിയയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
ഒരു സ്ത്രീ പ്രവർത്തക എന്ന നിലയിൽ അപമാനിക്കപ്പെട്ട അനുഭവമാണ് കഴിഞ്ഞ ദിവസം മംഗളം ചാനൽ ചർച്ചയിൽ പങ്കെടുത്തപ്പോൾ ഉണ്ടായത്. ചാനൽ ഔദ്യോഗിക സംപ്രേക്ഷണ ദിനം സ്ത്രീ സുരക്ഷ വിഷയത്തിനു മുന്‍തൂക്കം നൽകിക്കൊണ്ടു മൂന്നു പാനൽ ചർച്ചകൾ ഉണ്ടെന്നും അതിൽ ഒന്നിൽ പങ്കെടുക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ടായിരുന്നു വിളി.
 
10-11 വരെയുള്ള സമയമാണ് എനിക്കു നൽകിയിരുന്നത്. സാമാന്യം ഭേദപ്പെട്ട നിലയിലുള്ള ചർച്ച എന്നു തോന്നിയിരുന്നു. അപ്പോഴാണ് അവതാരകയുടെ അറിയിപ്പ് എത്തിയത്. ഇനി ബ്രേക്കിംഗ് ന്യൂസാണെന്നും അതിൽ പ്രതികരിച്ചതിനു ശേഷമേ പോകാനാകുകയുളളു എന്നും. സ്തീ സുരക്ഷ, അവകാശങ്ങൾ, അവബോധം ഇവയൊക്കെ നമ്മളെ കൊണ്ട് പറയിച്ചിട്ട് നിർബന്ധപൂർവ്വം കുരുക്കിലാക്കുന്ന അനുഭവമാണുണ്ടായത്.
 
സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അതീവ ജാഗ്രതയോടെ സംസാരിക്കേണ്ട ഈ സമയത്ത് ഈ ചാനലിന്റെ വിശ്വാസ്യതയും ധാർമികതയും പെട്ടെന്ന് ചോദ്യ ചിഹ്നമായി. പരാതിയോ പരാതിക്കാരിയോ ഇല്ലാതെ ഒരാളുടെ സ്വകാര്യ സംഭാഷണം കേൾപ്പിക്കുകയും അത് കുട്ടികൾ കേൾക്കുന്നുണ്ടെങ്കില് അവരെ മാററി നിർത്താൻ ആവശ്യപ്പെടുകയും ചെയ്യുന്നു. .
 
എന്താണ് സ്ത്രീകളുടെ വിഷയങ്ങള് എന്ന തിരിച്ചറിവ് ഇനിയും മാധ്യമ സമൂഹത്തിനില്ലേ! എല്ലാം മഞ്ഞവല്ക്കരിച്ചു കൊണ്ട് സെന്സേഷനലിസത്തിന്റെ ഭാഷയിലും രൂപത്തിലും സ്ത്രീകളെ അവതരിപ്പിക്കുക എന്ന വൃത്തികെട്ട സംസ്കാരത്തില് നിന്ന് നാം എന്നാണ് പുറത്തു കടക്കുക! സ്വാതന്ത്ര്യ ത്തെയും ലൈംഗികതയെയും സ്വകാര്യതയും സദാചാരവുമായി കൂട്ടിക്കുഴച്ചു ആൺകോയ്മയെ ഊട്ടിയുറപ്പിക്കുന്ന ഈ പ്രവണത സ്ത്രീകളെ തന്നെയാണ് ഏററവും കൂടുതല് ബാധിക്കുക. 
 
ആ ചാനലിലിരുന്നു ഇങ്ങനെയാണ് അനുഭവപ്പെട്ടത്. ഇവിടെ കൂടുതല് സമ്മര്ദ്ദത്തില് ആക്കപ്പെടുന്നതു ഈ സ്ത്രീ കള് എല്ലാമാണെന്നോർക്കുക. മാധ്യമ പ്രവര്ത്തിന്റെ അന്തസ്സു കളഞ്ഞു കുളിക്കുന്ന ഇത്തരം പ്രവണതകള് കൂടുതല് ഇരകളെ സൃഷ്ടിക്കുമെന്നതിനു സംശയമില്ല. പെരുകി വരുന്ന ചാനലുകളുടെ മത്സരയോട്ടത്തില് എന്തും കാണിക്കാമെന്നുള്ള ധാർഷ്ട്യത്തിനു തടയിട്ടേ മതിയാവുകയുള്ളു. സെന്സേഷനലിസം കൊണ്ട് സ്ത്രീകളും കുട്ടികളും ലൈംഗീക ന്യൂനപക്ഷങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ ലഘൂകരിച്ചു കാണാന് അനുവദിക്കരുത്. ഈ വക ചാനലുകള് ബഹിഷ്ക്കരിച്ചേ മതിയാവുകയുള്ളു.

വെബ്ദുനിയ വായിക്കുക