പിതാവിന്‍റെ കൊലപാതകം: മകന്‍ അറസ്റ്റില്‍

വ്യാഴം, 23 ജൂലൈ 2015 (20:01 IST)
പിതാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കിളിക്കൊല്ലൂര്‍ കടുവാക്കുളം കൈരളി നഗറില്‍ താമസിക്കുന്ന സുജിത്ത് എന്ന 26 കാരനെയാണ് പൊലീസ് പിടികൂടിയത്.
 
കടുത്ത നെഞ്ചുവേദന എന്ന് പറഞ്ഞ് കഴിഞ്ഞ പതിനേഴാം തീയതി സുജിത്തിന്‍റെ പിതാവ് സുരേഷിനെ (49) ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.  മരണത്തില്‍ പരാതിയില്ലെന്നും മൃതദേഹം പോസ്റ്റ് മാര്‍ട്ടം ചെയ്യാതെ വിട്ടുകിട്ടണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
 
എന്നാല്‍ ഇതില്‍ സംശയം തോന്നിയ പൊലീസ് പോസ്റ്റ്മാര്‍ട്ടം നടത്തിയപ്പോള്‍ വാരിയെല്ലുകള്‍ ഒടിഞ്ഞ് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചതായി കണ്ടു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണു മകന്‍ സുജിത്ത് സുരേഷിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തിയത്.  
 
പിതാവിനെ ഇരുമ്പു വേലിയില്‍ ഇടിച്ചും ചവുട്ടിയുമാണു മര്‍ദ്ദിച്ചതെന്ന് സുജിത് സമ്മതിച്ചു.  എ.സി.പി. എം.എസ്. സന്തോഷിന്റെ നിർദ്ദേശാനുസരണം ഇരവിപുരം സി.ഐ. വിശ്വംഭരന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക