സരിതയെ കാണാനെത്തിയവരുടെ പേരുകള്‍ വെട്ടിമാറ്റിയത് ഡിഐജി ഇടപെട്ടെന്ന് വെളിപ്പെടുത്തല്‍

വ്യാഴം, 25 ജൂണ്‍ 2015 (14:12 IST)
സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട്  സരിതയെ കാണാനെത്തിയവരുടെ പേരുകള്‍ രജിസ്റ്ററില്‍ നിന്ന് വെട്ടിമാറ്റിയത് ഡി ഐ ജി ഇടപെട്ടാണെന്ന് വെളിപ്പെടുത്തല്‍. അട്ടക്കുളങ്ങര ജയില്‍ ജീവനക്കാരന്‍ ആയിരുന്ന ശ്രീരാമന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൈരളി പീപ്പിള്‍ ചാനല്‍ ആണ് ശ്രീരാമന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്.
 
മന്ത്രിമാര്‍ അടക്കമുള്ള നേതാക്കളുടെ പേരുള്ള മൊഴി സരിത മാറ്റിയത് ഡിഐജി ഗോപകുമാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ്. അട്ടകുളങ്ങര ജയിലില്‍ വെച്ച് ഡി ഐ ജിയായിരുന്ന ഗോപകുമാര്‍ ആറുമണിക്കൂറിലേറെ അവിടെ സരിതയുമായി സംസാരിച്ചുവെന്നാണ് ശ്രീരാമന്‍ പറയുന്നത്. 
 
അതിന് പിറ്റേന്നാണ് സരിത മൊഴി മാറ്റിയതെന്നും ശ്രീരാമന്‍ വെളിപ്പെടുത്തുന്നു. 2013 ജൂലൈ 27നാണ് ഡി ഐ ജി ജയിലിലെത്തി സരിതയുമായി സംസാരിച്ചത്. അതിന് പുറമെ നിയമ സഹായി എന്ന് പറഞ്ഞ് എത്തിയ ഷാരോണ്‍ എന്ന യുവതി ബാഗും മൊബൈല്‍ ഫോണുമായി സരിതയെ ജയിലില്‍ സന്ദര്‍ശിച്ചെന്നും അതിനു പിന്നിലും ഗോപകുമാറാണെന്നാണ് വെളിപ്പെടുത്തല്‍.
 
സരിത നായരുടെ അമ്മ ജയിലില്‍ കാണാനെത്തിയപ്പോള്‍ സരിതയുടെ സഹോദരനെന്ന് പറഞ്ഞ് കൂടെവന്ന ആദര്‍ശ് എന്നയാള്‍ വിഗ് വെച്ചിരുന്നുവെന്നും സരിതക്ക് സഹാദരനില്ലല്ലോ സ്ത്രീകളുടെ ജയിലിനകത്തേക്ക് പ്രവേശിക്കാന്‍ പറ്റില്ലെന്നും പറഞ്ഞപ്പോള്‍ അതൊന്നും അന്വേഷിക്കേണതില്ലെന്ന് അധികൃതര്‍ പറഞ്ഞെന്നുമാണ്. മന്ത്രിമാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സരിത എഴുതിയ കത്ത് പറുത്ത് വരാതിരിക്കാനാണ് ഗോപകുമാര്‍ അന്ന് ഇടപെട്ടതെന്നും ശ്രീരാമന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക