സരിത ആര്യാടനൊപ്പം പൊതു ചടങ്ങില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ സോളാര്‍ കമ്മീഷനില്‍; 80 പ്രാവശ്യം ഇരുവരും ഫോണില്‍ സംസാരിച്ചതിനും തെളിവ് - സരിതയെ ലൈംഗികമായി ചൂഷണം ചെയ്‌തിട്ടില്ലെന്ന് ആര്യാടന്‍
വ്യാഴം, 30 ജൂണ്‍ 2016 (16:54 IST)
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരും മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും കെഎസ്ഇബി എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ വാര്‍ഷികാഘോഷ ഉദ്ഘാടന വേദിയില്‍ ഒരുമിച്ച് പങ്കെടുത്തിരുന്നതായി വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോളാര്‍ കമ്മീഷനില്‍. രണ്ടു സീഡികളിലായിട്ടുള്ള ദൃശ്യങ്ങളാണ് കമ്മീഷനില്‍ ഹാജരാക്കിയിരിക്കുന്നത്.
കോട്ടയം സുമംഗലി ഓഡിറ്റോറിയത്തില്‍ 2012 മേയ് ആറിന് നടന്ന വാര്‍ഷികാഘോഷ സമ്മേളനത്തിന്റെ ചടങ്ങില്‍ ഉദ്ഘാടകനായി എത്തിയ ആര്യാടനൊപ്പം തൊട്ടു പിന്നിലെ കസേരയില്‍ സരിത ഇരിക്കുന്ന ദൃശ്യങ്ങളാണ് സീഡിയിലുള്ളത്.
ചടങ്ങില്‍ സരിത വേദിയില്‍ നിലവിളക്കിന്റെ പിന്നില്‍ നില്‍ക്കുന്ന തരത്തിലുള്ള ഒരു ദൃശ്യവും വേദിയുടെ രണ്ടാം നിരയില്‍ കാണത്തക്കവിധം ഇരിക്കുന്ന മറ്റൊരു ദൃശ്യവും സി ഡിയിലുണ്ട്. ചടങ്ങില്‍ ടീം സോളാറിനു വേണ്ടി സോളാര്‍ പദ്ധതികളെക്കുറിച്ച് അവതരണം നടത്തുന്ന സരിതയുടെ ദൃശ്യങ്ങളാണ് മറ്റൊരു സിഡിയില്‍ ഉള്ളതും.
ദൃശ്യങ്ങളില്‍ താനും സരിതയും തമ്മില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇല്ലെന്നും അവര്‍ ഇരിക്കുന്ന ഭാഗത്തേക്ക് താന്‍ നോക്കുന്നു പോലും ഇല്ലെന്നും ആര്യാടന്‍ പറഞ്ഞു. നിലവിളക്കിന്റെ പിന്നില്‍ രണ്ടാമത്തെ നിരയില്‍ നില്‍ക്കുന്ന സരിതയെ തനിക്ക് കാണാന്‍ കഴിയില്ല. രണ്ടാമത്തെ സി ഡി യിലെ ദൃശ്യങ്ങളില്‍ താന്‍ ഇല്ലെന്നും ആര്യാടന്‍ കമ്മീഷനില്‍ പറഞ്ഞു.
അതേസമയം, ആര്യാടന്‍ മുഹമ്മദിന്റെ മൊബൈല്‍ നമ്പറില്‍ നിന്ന് സരിതയുടെ നമ്പറിലേക്ക് 2012 ജൂണ്‍ നാല് മുതല്‍ 2013 മേയ് 10വരെ 80 ഫോണ്‍ കോളുകള്‍ നടന്നതായുള്ള കമ്മീഷന്റെ കണ്ടെത്തല്‍ ആര്യാടന്‍ സമ്മതിച്ചു. സരിതയുടെ മറ്റൊരു നമ്പരില്‍ നിന്നും 2013 മേയ് 31ന് ഒരു സംഭാഷണം നടന്നുവെന്നും അദ്ദേഹം സമ്മതിച്ചു. സരിതയെ താന്‍ ലൈംഗികമായി ചൂഷണം ചെയ്‌തന്നെ ആരോപണം തെറ്റാണെന്നും ആര്യാടന്‍ കമ്മീഷനില്‍ പറഞ്ഞു. സോളാര്‍ പദ്ധതിയുടെ ഭാഗമായുള്ള പലവിധത്തിലുള്ള സംരഭങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.