ശുഹൈബ് വധം: വാഹനം സംഘടിപ്പിച്ചത് ആകാശ്, ക്വട്ടേഷന്‍ നല്‍കിയത് എടയന്നൂരിലെ നേതൃത്വം
വ്യാഴം, 22 ഫെബ്രുവരി 2018 (11:48 IST)
മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബ് വധക്കേസിലെ കൊലയാളികള്‍ സഞ്ചരിച്ച വാഹനം വാടകയ്‌ക്കെടുത്തത് പ്രതി ആകാശ് തില്ലങ്കേരിയെന്ന് പൊലീസ്.
കൊലനടന്നതിന് തലേദിവസം ആകാശ് തളിപ്പറമ്പിലെത്തി സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ഇവിടെ നിന്നാണ് വാഹനം വാടകയ്‌ക്ക് എടുത്തത്. എടയന്നൂര്‍ മേഖലയിലെ സിപിഎം നേതൃത്വമാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.
ആകാശിനെയും റിജിന്‍ രാജിനെയും കൂടാതെ മൂന്നു പേര്‍ കൂടി കൊലപാതക സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയം തേടിയതിനാല്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും അന്വേഷണ സംഘം പറയുന്നു.
എടയന്നൂര്‍ മേഖലയിലെ നേതൃത്വം ക്വട്ടേഷന്‍ നല്‍കുമ്പോള്‍ തന്നെ വേണ്ട സൌകര്യങ്ങളും ചെയ്‌തു നല്‍കിയിരുന്നതായും പൊലീസ് വിലയിരുത്തുന്നു.
അതേസമയം, ശുഹൈബ് വധത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത ശക്തമായി. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനമെടുത്തു. സമ്മേളനത്തിന് ശേഷം കേസില്‍ പെട്ടവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും.
ശുഹൈബ് വധത്തില്‍ പാര്‍ട്ടി അന്വേഷിക്കുമെന്നും തുടര്‍ന്ന് നടപടിയെടുക്കുമെന്നുമുള്ള സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നിലപാടിനെ തള്ളിയാണ് സംസ്ഥാന നേതൃത്വം പുതിയ തീരുമാനത്തിലേക്ക് നീങ്ങുന്നത്.