രാത്രിയിൽ കടൽ കാണാനെത്തിയവരിൽ ഒരാളെ തിരമാല കൊണ്ടുപോയി, മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു; അപകടം ക്ഷണിച്ച് വരുത്തിയതെന്ന് ദൃക്സാക്ഷികൾ

ശനി, 28 മെയ് 2016 (12:01 IST)
രാത്രിയിൽ കടൽ കാണാനെത്തിയ നാല് യുവാക്കളിൽ ഒരാളെ കാണാതായി. കൂടെയുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപെട്ടു. തൊടുപുഴ മൂലമറ്റം സ്വദേശി സനൂപ്(22)നെയാണ് കാണാതായത്. ഇന്നലെ അർധരാത്രിയിൽ വിഴിഞ്ഞം ബൊള്ളാർഡ് പൂൾ ടെസ്റ്റിംഗ് കേന്ദ്രത്തിന് സമീപത്തായിരുന്നു സംഭവം.
 
തിരുവനന്തപുരത്ത് നിന്നും കാറിലെത്തിയ യുവാക്കൾ കടലിനരികിലുള്ള പാറപുറത്ത് ഇരുന്ന് കടൽ കാണവെ കൂറ്റൻ തിരയിൽ പെടുകയായിരുന്നു. ഏറ്റവും താഴെ ഇരുന്ന സനൂപിനെ തിരമാലകൾ കൊണ്ടു പോവുകയായിരുന്നു. ബാക്കി മൂന്നു പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. തീരദേശ പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
 
വിഴിഞ്ഞം സ്വദേശി ജയറാം, കാസർഗോഡ് സ്വദേശി ഋഷികേശ്, ഇടുക്കി സ്വദേശി അരുൺ എന്നിവരാണ് രക്ഷപെട്ടത്. വളരെ ദുർഘടം പിടിച്ച സ്ഥലത്ത് ഇരുന്ന് അപകടം ക്ഷണിച്ച് വരുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തിരച്ചിൽ തുടരുകയാണ്.

വെബ്ദുനിയ വായിക്കുക