കൈക്കൂലി : വില്ലേജ് ഓഫീസര്‍ പിടിയില്‍

തിങ്കള്‍, 24 ഓഗസ്റ്റ് 2015 (17:40 IST)
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ അധികൃതര്‍ പിടികൂടി. കല്ലറ പാങ്ങോട് വില്ലേജ് ഓഫീസര്‍ അഞ്ചല്‍ സ്വദേശി സജിത് എസ്.നായര്‍ ആണ് വസ്തുവിന്‍റെ പോക്കു വരവ് സര്‍ട്ടിഫിക്കറ്റു നല്‍കുന്നതിനു കൈക്കൂലി വാങ്ങി കുടുങ്ങിയത്. മൂന്നാഴ്ച മുമ്പാണ് സജിത് ഇവിടെ ചാര്‍ജ്ജെടുത്തത്.

മൈലമൂട് സ്വദേശിയായ വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നായിരുന്നു സജിതിനെ അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പായിരുന്നു ഇവര്‍ വില്ലേജാഫീസില്‍ സര്‍ട്ടിഫിക്കറ്റിനു പോയിരുന്നത്. എന്നാല്‍ വില്ലേജ് ഓഫീസര്‍ 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ തിരുവനന്തപുരം വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു.

വിജിലന്‍സിന്‍റെ നിര്‍ദ്ദേശ പ്രകാരം മാര്‍ക്ക് ചെയ്ത നോട്ടുകള്‍ വില്ലേജ് ഓഫീസര്‍ക്ക് കൈമാറിയതും നിരീക്ഷണത്തിലായിരുന്ന ഡി.വൈ.എസ്.പി മഹേഷും കൂട്ടരും വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.  

വെബ്ദുനിയ വായിക്കുക