ശബരിമല നട ഇന്ന് തുടക്കും; ഇനി വ്രതശുദ്ധിയുടെ നാളുകള്‍

ഞായര്‍, 16 നവം‌ബര്‍ 2014 (10:39 IST)
ശബരിമല നട ഇന്ന് തുടക്കും. വൈകീട്ട് 5.30ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി ധര്‍മശാസ്താക്ഷേത്രനട തുറക്കും. നട തുറന്ന് ദീപം തെളിച്ചശേഷം, മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി താഴെ തിരുമുറ്റത്തെ ആഴി ജ്വലിപ്പിക്കും. തുടര്‍ന്നാണ് ഭക്തരെ പടികയറ്റിവിടും. ഞായറാഴ്ച രാത്രി ഏഴിന് സന്നിധാനത്തെയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരുടെ അവരോധച്ചടങ്ങ് നടക്കും. സന്നിധാനത്ത് ഇഎന്‍ കൃഷ്ണദാസ് നമ്പൂതിരി, മാളികപ്പുറത്ത് എസ്.കേശവന്‍ നമ്പൂതിരി എന്നിവരാണ് നിയുക്ത മേല്‍ശാന്തിമാര്‍.
 
വൃശ്ചികം ഒന്നായ തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് പുതിയ മേല്‍ശാന്തി നട തുറക്കും. നെയ്യഭിഷേകം അടക്കമുള്ള പതിവുപൂജകള്‍ തുടര്‍ന്നുണ്ടാകും. തീര്‍ഥാടകരെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളുടെ അവസാനഘട്ടത്തിലാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാര്‍ വകുപ്പുകളും. 25 ലക്ഷം ടിന്‍ അരവണ, അഞ്ചു ലക്ഷം പാക്കറ്റ് അപ്പം എന്നിവ കരുതല്‍ശേഖരമായുണ്ട്. അരവണ, അപ്പം, വിഭൂതി പ്രസാദം എന്നിവ ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഇക്കുറിയുണ്ട്.travancoredevaswamboard.org എന്നതാണ് വെബ്‌സൈറ്റ് വിലാസം. ഇങ്ങനെ ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രസാദം നല്‍കാന്‍ വടക്കേനടയില്‍ പ്രത്യേക കൗണ്ടര്‍ ഉണ്ടാകും.
 
വര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത് വരുന്നവരുടെ പരിശോധന ഇക്കുറി പമ്പയിലാണ്.
ഡിസംബര്‍ 27നാണ് ഇത്തവണത്തെ മണ്ഡലപൂജ. അന്ന് രാത്രി 10ന് നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിന് ഡിസംബര്‍ 30ന് വൈകീട്ട് 5.30ന് വീണ്ടും നട തുറക്കും. ജനവരി 14നാണ് മകരവിളക്ക്. ജനവരി 20ന് രാവിലെ 7ന് നട അടയ്ക്കും. അന്ന് പന്തളരാജപ്രതിനിധിക്ക് മാത്രമായിരിക്കും ദര്‍ശനം ഉണ്ടാകുക.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക