സുരേന്ദ്രനെതിരെ ബിജെപി; ശബരിമലയിലെ സ്ത്രീ പ്രവേശനം തീരുമാനിക്കേണ്ടത് തന്ത്രിയും ഭക്തരും

ശനി, 3 സെപ്‌റ്റംബര്‍ 2016 (17:02 IST)
ശബരിമലയിലെ സ്ത്രീപ്രവേശനത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെതിരെ പാർട്ടി വക്താവ് ജെആർ പത്മകുമാർ രംഗത്ത്. സുരേന്ദ്രന്റെ അഭിപ്രായം പാർട്ടിവേദിയിൽ ചർച്ച ചെയ്യേണ്ടതാണെങ്കിൽ ചർച്ച ചെയ്യും. പാർട്ടി പറയുന്നതാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ സ്ത്രീപ്രവേശനം തീരുമാനിക്കേണ്ടത് തന്ത്രിയും ഭക്തരും ദേവസ്വം ബോർഡുമാണെന്നും പത്മകുമാർ വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ ഭക്തജനങ്ങൾക്കിടയിൽ ഒരു ചർച്ച നടക്കുന്നതിൽ വേവലാതി വേണ്ടെന്നും, അയ്യപ്പൻ സ്ത്രീ വിരോധിയല്ലെന്നും ആർത്തവം ഒരു പ്രകൃതി നിയമമാണെന്നുമാണ് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ സുരേന്ദ്രന്‍ വെള്ളിയാഴ്‌ച  വ്യക്തമാക്കിയത്.  മാനവജാതിയെ നിലനിര്‍ത്തുന്ന പ്രക്രിയയെ വിശുദ്ധമായി കാണണം. ഹൈന്ദവ നേതൃത്വം മാറ്റങ്ങളെ സ്വാഗതം ചെയ്യണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.

ശബരിമലയിലെ സ്‌ത്രീ പ്രവേശന വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ തള്ളിയാണ് സുരേന്ദ്രന്‍ രംഗത്തെത്തിയത്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പുതിയ സാഹചര്യം സംജാതമാകുമെന്ന് വ്യക്തമായി.

വെബ്ദുനിയ വായിക്കുക