ശബരിമലയെ യുദ്ധസമാന ഭൂമിയാക്കി മാറ്റുക എന്ന ഉദ്ദേശത്തോട് കൂടിയായിരുന്നു കോൺഗ്രസും ബിജെപിയും ‘വിശ്വാസൈകൾക്കനുകൂലമായ’ നിലപാടുകൾ എടുത്തതെന്നാണ് പരക്കെയുള്ള ആരോപണം. സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്ന് നിലപാടെടുത്ത ഇടതുപക്ഷ സർക്കാരിനെതിരെ യുദ്ധം നയിച്ചവർ എവിടെയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ്. ഫേസ്‌ബുക്ക് കുറിപ്പിലാണ് പി രാജീവ് കോൺഗ്രസിന്റെയും ബിജെപിയുടെയും ഒളിച്ചുകളി തുറന്നുകാട്ടിയിരിക്കുന്നത്.
പി രാജീവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് :
ചോദ്യവും ഉത്തരവും നോക്കൂ. സംസ്ഥാന നിയമം കൊണ്ടു വന്ന് സുപ്രീം കോടതി വിധി മറികടക്കണമെന്ന് പറയുന്ന പാർടിയുടെ എംപിയാണ് കേന്ദ്ര നിയമം കൊണ്ടു വരുമോ എന്ന ചോദ്യം ഉന്നയിക്കുന്നത്. ഏതറ്റം വരെയും പോയി ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ ,സുപ്രീം കോടതി വിധിയെ മറികടക്കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച പാർടിയുടെ മന്ത്രിയാണ് മറുപടി നൽകിയിരിക്കുന്നത്. സുപ്രീം കോടതി വിധിയിൽ നിയമനിർമ്മാണ സഭക്ക് ഒന്നും ചെയ്യാനില്ലെന്നാണ് ഒറ്റ വാചക മറുപടിയുടെ ലളിത മലയാളം.