ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

രേണുക വേണു

വ്യാഴം, 20 നവം‌ബര്‍ 2025 (16:52 IST)
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് 2019 ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവും നേരത്തെ കേസില്‍ അറസ്റ്റിലായിരുന്നു. 
 
സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. ശബരിമല ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് പത്മകുമാറാണെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. 
 
കേസില്‍ എട്ടാം പ്രതിയായി പത്മകുമാര്‍ അധ്യക്ഷനായ 2019ലെ ബോര്‍ഡിനെ പ്രതി ചേര്‍ത്തിരുന്നു. കെ.ടി.ശങ്കര്‍ദാസ്, പാലവിള എന്‍.വിജയകുമാര്‍ എന്നിവരായിരുന്നു അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍. ഡിസംബര്‍ മൂന്നിനു ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും മുന്‍പ് പ്രതിപ്പട്ടികയിലെ മറ്റു പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍