തിരഞ്ഞെടുപ്പ്: സൂക്ഷിക്കുക ഈ നിയമങ്ങളെ

വെള്ളി, 23 ഒക്‌ടോബര്‍ 2015 (19:52 IST)
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ ശ്രദ്ധക്ക്. ഇനി മറ്റുള്ളവരോട് സംസാരിക്കുമ്പോഴും ജനങ്ങലോട് ഇടപഴകുമ്പോഴും അല്‍പമൊന്ന് ചിന്തിച്ചിട്ടാകാം. കാരണം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി തിരഞ്ഞെടുപ്പിലെ അഴിമതി പ്രവര്‍ത്തനങ്ങളെയും തിരഞ്ഞെടുപ്പ് കുറ്റങ്ങളെയും സംബന്ധിച്ച് 1994ലെ കേരള പഞ്ചായത്തീരാജ് ആക്ടിലേയും 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലേയും വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ തിരഞ്ഞെടുപ്പ് കുറ്റങ്ങളെയും സംബന്ധിച്ച വകുപ്പുകളും ചെറുതായൊന്ന് പഠിച്ചിട്ടാകാം ബാക്കികാര്യങ്ങള്‍. 
 
1994ലെ കേരള പഞ്ചായത്തീരാജ് ആക്ടും കേരള മുനിസിപ്പാലിറ്റി ആക്ടുമനുസരിച്ച് കൈക്കൂലി കൊടുക്കല്‍ വാങ്ങല്‍, അനുചിതമായ സ്വാധീനം, നിശ്ചിത പരിധിയില്‍ കവിഞ്ഞ് തിരഞ്ഞെടുപ്പ് ചെലവ് വഹിക്കല്‍, അല്ലെങ്കില്‍ വഹിക്കാന്‍ അധികാരപ്പെടുത്തല്‍ തുടങ്ങിയവയെല്ലാം കുറ്റകരമാണ്. മതം, വംശം, ജാതി, സമുദായം,ഭാഷ എന്നിവ കാരണമാക്കി വോട്ടുചെയ്യുവാന്‍ പ്രേരിപ്പിക്കലോ അതില്‍നിന്നും ഒഴിഞ്ഞ് നില്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുകയോ ചെയ്യല്‍ - എന്നിവയെല്ലാം കുറ്റകരമാണ്. 
 
സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപരമായ സ്വഭാവത്തെയോ പെരുമാറ്റത്തെയോ സംബന്ധിച്ച് വ്യാജപ്രസ്താവന നടത്തല്‍,സമ്മതിദായകനെ സൗജന്യമായി കൊണ്ടുപോകുന്നതിന് ഏതെങ്കിലും വാഹനമോ ജലയാനമോ വാടകയ്‌ക്കെടുക്കുകയോ ചെയ്യുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെയോ തദ്ദേശ ഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്റെയോ സഹായം തേടുക, സ്ഥാനാര്‍ത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ അവരുടെ സമ്മതത്തോടെ മറ്റേതെങ്കിലും ആളോ ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് എന്നിവയെല്ലാം കുറ്റകരമാണ്. 
 
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 9(എ) അദ്ധ്യായത്തിലെ കുറ്റങ്ങളെ സംബന്ധിക്കുന്ന വകുപ്പുകളനുസരിച്ച് കൈക്കൂലി, അനുചിതമായ പ്രേരണ, ആള്‍മാറാട്ടം, അവാസ്തവ പ്രസ്താവന, നിയമവിധേയമല്ലാത്ത ചെലവുകള്‍, തിരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ചവരുത്തുക എന്നിവയെല്ലാം കുറ്റങ്ങളില്‍പ്പെടുന്നു.

വെബ്ദുനിയ വായിക്കുക