പതിനാറുകാരിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു കോടതി 13 വര്‍ഷം കഠിന തടവിനും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. എലപ്പുള്ളി പെരുവെമ്പ് താണിശേരി പണംതൊടിയില്‍ കെ.വിജയ്ക്കെതിരെയാണ് (26) പാലക്കാട്ടെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജി ടി.സഞ്ജു ശിക്ഷ വിധിച്ചത്.
2019 മാര്‍ച്ചിലാണ് സംഭവം. പ്രതി പെണ്‍കുട്ടിയെ പല സ്ഥലത്തായി എത്തിച്ചാണ് പീഡിപ്പിച്ചത്. കേസില്‍ ഐ.പി.സി, പോക്‌സോ നിയമങ്ങളിലെ വിവിധ വകുപ്പുകളിലായാണ് വിധി. പിഴത്തുക അതിജീവിതയ്ക്കു നല്‍കണമെന്നാണ് കോടതി വിധി. അതില്ലാത്ത പക്ഷം രണ്ടര വര്‍ഷം അധിക തടവും പ്രതി അനുഭവിക്കണം. കസബ എസ്.ഐ ആയിരുന്ന കെ.കെ.സുകുമാരനാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്.