ബാലികയെ പീഡിപ്പിച്ച കേസ്: ഒളിവിലായിരുന്ന പൊലീസുകാരന്‍ കീഴടങ്ങി

ശനി, 12 ജൂലൈ 2014 (16:12 IST)
പതിനൊന്നു വയസുള്ള ബാലികയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സീനിയര്‍ സിപിഒ മേത്തല കാരേടത്ത് സുധാകരന്‍ എന്ന 42 കാരനാണു അധികൃതര്‍ക്ക് മുമ്പില്‍ കീഴടങ്ങിയത്. കഴിഞ്ഞ ഏപ്രില്‍ 20 ഈസ്റ്റര്‍ ദിനത്തില്‍ കൂട്ടുകാരിയെ കാണാനെത്തിയ ബാലികയെ കമ്പ്യൂട്ടര്‍ കാണിക്കാമെന്ന വ്യാജേന കൊടുങ്ങല്ലൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ വിളിച്ചു കയറ്റി പീഡിപ്പിക്കുകയായിരുന്നു.
 
പീഡനത്തില്‍ വിവശയായ പെണ്‍കുട്ടി വീട്ടിലെത്തി വിവരം അറിയിച്ചു. പരാതിയെ തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ചും കൊടുങ്ങല്ലൂര്‍ സിഐ യും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മുകളിലേക്കയച്ചു. ഇതിനൊപ്പം കൊടുങ്ങല്ലൂര്‍ സിഐ കേസെടുക്കുകയും ചെയ്തു.
 
പലയിടങ്ങളിലായി പ്രതി ഒളിവില്‍ കഴിഞ്ഞിരുന്നു. ഇതിനൊപ്പം വിവിധ കോടതികളില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുക്കാനും ശ്രമിച്ചിരുന്നെങ്കിലും അനുമതി തള്ളിയിരുന്നു. ഇതിനൊടുവിലാണു കഴിഞ്ഞ ദിവസം സുധാകരന്‍ കൊടുങ്ങല്ലൂര്‍ സിഐ പീറ്റര്‍ മുമ്പാകെ കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക