ആരുടെ മുന്നിലും തലകുനിയ്ക്കേണ്ടി വരില്ല, ഏത് കൊടുമുടിയേയും പിഴുതെറിയാൻ കഴിയും; പുതിയ തുടക്കത്തിൽ തന്റെ കർത്തവ്യം നിറവേറ്റുമെന്ന് രമേശ് ചെന്നിത്തല
തിങ്കള്‍, 30 മെയ് 2016 (12:48 IST)
തന്റെ കടമയും കർത്തവ്യവും നിറവേറ്റുമെന്ന് പതിനാലം നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതൊരു പുതിയ തുടക്കമാണെന്നും തന്നെ തെരഞ്ഞെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നെന്നും രമേശ് ചെന്നിത്തല ഫെയ്സ്ബുക്കിൽ കുറിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതാവായി എന്നെ തെരഞ്ഞെടുത്തതില്‍ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി, ഇത് ഒരു പുതിയ തുടക്കമാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതൃസ്ഥാനത്തേക്ക് വരാന്‍ തനിക്കു ആഗ്രഹമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം തന്നെയാണ് എന്റെ പേര്‍ നിര്‍ദ്ദേശിച്ചത്.
വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി എന്നില്‍ അര്‍പ്പിച്ചിരിക്കുന്നത്. കഠിനാധ്വാനത്തിലൂടെയും, ആത്മാര്‍പ്പണത്തിലൂടെയും, കൂട്ടായ്മയില്‍ നിന്ന് ഉയരുന്ന കരുത്തിലൂടെയും ഈ കര്‍ത്തവ്യം അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഞാന്‍ നിറവേറ്റുമെന്ന് നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു.
എന്നെ ഈ സ്ഥാനത്തേക്ക് ഐക്യകണ്‌ഠേന തെരഞ്ഞെടുത്ത എല്ലാ കോണ്‍ഗ്രസ് എം എല്‍ എ മാരോടും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയോടും വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയോടും കെ പി സി സി പ്രസിഡന്റ് വി എം സുധീരനോടും എനിക്കുള്ള നന്ദി രേഖപ്പെടുത്തുന്നു.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണിയെ ഭരണത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ് നമ്മുടെ ഏക ലക്ഷ്യം. നിയമസഭക്കകത്തും, പുറത്തും ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കാനും, യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ കടമ നിറവേറ്റാനും നമുക്ക് കഴിയുമെന്ന് എനിക്കുറപ്പുണ്ട്. അതിന് നിങ്ങളുടെ എല്ലാവരുടെയും അകമഴിഞ്ഞ സഹകരണവും പിന്തുണയും എനിക്കാവശ്യമാണ്.
നമ്മള്‍ ഒരുമിച്ച് നിന്നാല്‍ ജനങ്ങള്‍ നമ്മളോടൊപ്പമുണ്ടാകും, ജനങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ നമ്മള്‍ക്കെതിരെ നില്‍ക്കുന്ന ഏത് കൊടുമുടിയെയും പിഴുതെറിയാന്‍ കഴിയും. നമ്മുടെ എം എല്‍ എമാരെല്ലാം വളരെ കഴിവും, ആര്‍ജ്ജവവും, ജനപിന്തുണയുമുള്ളവരാണ്. അവര്‍ എനിക്കൊപ്പം നില്‍ക്കുമ്പോള്‍ അതിനെക്കാള്‍ വലിയ കരുത്ത് മറ്റെന്താണ്..
കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന ലക്ഷോപലക്ഷം ജനങ്ങള്‍ നമുക്കൊപ്പമുള്ളപ്പോള്‍ ഒരു പരാജയവും നമ്മെ സ്പര്‍ശിക്കപോലുമില്ല. ആരുടെ മുമ്പിലും നമുക്ക് തലകുനിക്കേണ്ടിവരില്ല. മഹാനായ ഫ്രഞ്ച് സാഹിത്യകാരന്‍ വിക്ടര്‍ ഹ്യുഗോവിന്റെ വാക്കുകളാണ് ഇപ്പോള്‍ എന്റെ മനസില്‍ മുഴുന്നത്. ഇന്നത്തെ തോല്‍വിയെ ഭയപ്പെടാതിരിക്കുക, നമ്മുടെ ഹൃദയവും കരങ്ങളും മഹത്തായ വിജയമെന്ന ഒരേ ലക്ഷ്യത്തില്‍ കേന്ദ്രീകരിക്കുക.