തിരഞ്ഞെടുപ്പ് ഫലം വരും മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായുള്ള തർക്കം രൂക്ഷം. കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി കുപ്പായം തുന്നി ഇരിക്കുന്നത്. തങ്ങളോടു കൂറുള്ള പാർട്ടി നേതാക്കളെ വെച്ച് സമൂഹമാധ്യമങ്ങളിൽ കളംപിടിക്കുകയാണ് മൂവരും.
കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ളയാൾ മുഖ്യമന്ത്രിയാകണമെന്നാണ് ഹൈക്കമാൻഡ് നിലപാടെടുക്കുക. അങ്ങനെ വന്നാൽ കാര്യങ്ങൾ വേണുഗോപാലിനു എളുപ്പമാകും. കൊച്ചിയിൽ നിന്നുള്ള മുഹമ്മദ് ഷിയാസ് മാത്രമാണ് വി.ഡി.സതീശനൊപ്പമുള്ളത്. കെ.സി.വേണുഗോപാലിനു അപ്രമാദിത്തം ലഭിക്കുമെന്ന് ഉറപ്പായതോടെ രമേശ് ചെന്നിത്തല വേണുഗോപാൽ ക്യാംപിലേക്ക് കൂറ് കാണിക്കുകയാണ്. അങ്ങനെ വന്നാൽ ആഭ്യന്തരമന്ത്രി സ്ഥാനമെങ്കിലും ലഭിക്കുമെന്നാണ് ചെന്നിത്തലയുടെ പ്രതീക്ഷ.
യുഡിഎഫ് അധികാരത്തിലെത്തിയാൽ വേണുഗോപാൽ മുഖ്യമന്ത്രിയാകും. തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിനാൽ ആറ് മാസം കൊണ്ട് ഉപതിരഞ്ഞെടുപ്പ് നടത്തി സഭയിൽ അംഗമാകുകയാണ് വേണുഗോപാലിനു വേണ്ടത്. ഇരിക്കൂറിലെ കോൺഗ്രസ് സ്ഥാനാർഥി സജീവ് ജോസഫ് വേണുഗോപാലിന്റെ വിശ്വസ്തനാണ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ സജീവ് ജോസഫിനെ രാജിവയ്പ്പിച്ചാകും വേണുഗോപാൽ ഇരിക്കൂറിൽ നിന്ന് മത്സരിക്കുകയെന്ന് റിപ്പോർട്ടുകളുണ്ട്.