നിയമസഭയിലെ കൈയ്യാങ്കളി; കേസ് പിൻവലിക്കാൻ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല

ഞായര്‍, 21 ജനുവരി 2018 (14:53 IST)
ബാർകോഴ വിവാദസമയത്തു കെ.എം. മാണിയുടെ ബജറ്റ് അവതരണം തടയാൻ നിയമസഭയില്‍ അന്നത്തെ പ്രതിപക്ഷമായ ഇടതുപക്ഷം നടത്തിയ കയ്യാങ്കളിയുടെ കേസ് അവസാനിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 
 
എൽഡിഎഫ് സർക്കാരിന്റെ നീക്കം നിയമസഭയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്. ഇതിനെ നിയമപരമായി നേരിടും. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നിട്ടും സർക്കാർ ഇടപെടുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.
 
സംസ്ഥാനത്തിന് മുഴുവൻ നാണക്കണ്ടുണ്ടാക്കിയ സംഭവമായിരുന്നു കെഎം മാണിയുടെ ബജറ്റ് അവതരണവും ശേഷം നിയമസഭയിൽ ഉണ്ടായ കൈയ്യാങ്കളിയും. നിയമസഭയിൽ നടന്ന കൈയ്യാങ്കളിയും ഒത്തു‌തീർപ്പിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു.
 
കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന് മൂന്‍ എംഎല്‍എ വി. ശിവന്‍കുട്ടി അപേക്ഷ നല്‍കി. ഇതിനെ തുടര്‍ന്ന് കേസ് പിന്‍വലിക്കാനുള്ള നീക്കം നടക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഇടത് എം.എല്‍.എമാര്‍ക്കെതിരെ കേസ് എടുത്തിരുന്നു. 
 
രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്. സ്പീക്കറുടെ ഡയസ് ഉള്‍പ്പെടെ തകര്‍ത്ത സംഭവത്തിലാണ് കെടി ജലീല്‍, വി. ശിവന്‍കുട്ടി, കെ അജിത്, ഇപി ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സികെ സദാശിവാന്‍ എന്നിവരെ പ്രതിചേര്‍ത്തിരിക്കുന്നത്.
 
2015 മാര്‍ച്ച് 13ന് മാണിയുടെ ബജ്റ്റ് പ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തിയത് കേരളത്തിന് തീരാകളങ്കമായിരുന്നു. 3 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ബജററിന് സഭ തയ്യാറെടുക്കുമ്പോള്‍ നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍