പിണറായിക്കും കോടിയേരിക്കും മുകളില്‍ ജയരാജന്‍ വളരുന്നു - ഉണ്ണിത്താന്‍

വ്യാഴം, 22 ഫെബ്രുവരി 2018 (20:52 IST)
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മുകളില്‍ പി ജയരാജന്‍ വളരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. ജയരാജന്‍ എന്ന വിഷവൃക്ഷത്തെ മുറിക്കുന്നതാണ് പിണറായിക്കും കോടിയേരിക്കും നല്ലതെന്നും ഉണ്ണിത്താന്‍.
 
ശുഹൈബ് കൊലക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണം സി ബി ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്ന കെ സുധാകരന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഉണ്ണിത്താന്‍. 
 
വിഷമാണ് പി ജയരാജന്‍. പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് ചാഞ്ഞാല്‍ വെട്ടണം. സി പി എം രക്ഷപ്പെടണമെങ്കില്‍ ജയരാജനെ പുറത്താക്കിയേ തീരൂ - രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. 
 
പ്രതിയായ ആകാശ് തില്ലങ്കേരി മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും പി ജയരാജന്‍റെയും മാനസപുത്രനാണ്. ഇരുപത്തിനാലാം വയസില്‍ മൂന്ന് കൊലക്കേസിലെ പ്രതിയായ ഒരാളുമായി എങ്ങനെയാണ് മുഖ്യമന്ത്രി സെല്‍‌ഫിയെടുക്കുന്നത്? - ഒരു ചാനല്‍ ചര്‍ച്ചയില്‍ ഉണ്ണിത്താന്‍ ചോദിച്ചു. 
 
പി ജയരാജനെ എങ്ങനെ സംരക്ഷിക്കാമെന്നാണ് സി പി എം സംസ്ഥാന സമ്മേളനവേദിയില്‍ പിണറായിയും കോടിയേരിയും ജയരാജനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഉണ്ടായിട്ടുള്ളതെന്നും ഉണ്ണിത്താന്‍ ആരോപിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍