പിഎസ്‌സി പരീക്ഷ ഇനിമുതൽ രണ്ടുഘട്ടങ്ങളിലായി, രണ്ടാം ഘട്ടത്തിൽ തസ്‌തികയ്‌ക്ക് അനുസരിച്ച് ചോദ്യങ്ങൾ

ചൊവ്വ, 18 ഓഗസ്റ്റ് 2020 (13:27 IST)
തിരുവനന്തപുരം: കേരള പിഎസ്‌സിയുടെ പരീക്ഷകൾ ഇനിമുതൽ രണ്ടുഘട്ടങ്ങളിൽ. ആദ്യഘട്ടത്തിൽ സ്ക്രീനിങ് ടെസ്റ്റായിരിക്കും നടത്തുക. ഇതിൽ വിജയിക്കുന്നവർ പരീക്ഷയുടെ രണ്ടാം ഘട്ടത്തിലേയ്‌ക്ക് യോഗ്യത നേടുമെന്ന് പിഎസ്‌സി ചെയർമാൻ എംകെ സക്കീർ അറിയിച്ചു.
 
അപേക്ഷകർ ധാരാളമുള്ള തസ്‌തികകൾക്കായിരിക്കും പുതിയ പരിഷ്‌കരണം ബാധകമാവുക. പരീക്ഷ രീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷയ്ക്ക് എത്തുന്നവർ മികവുള്ളവരാകുമെന്നും കഴിവുള്ളവർ നിയമനത്തിന് യോഗ്യത നേടുമെന്നും പി.എസ്.സി ചെയർമാൻ പറഞ്ഞു. കൂടാതെ പത്താംക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകളുള്ള തസ്തികൾക്ക് വെവ്വേറെ തലത്തിലുള്ള പരീക്ഷകളായിരിക്കും ഉണ്ടായിരിക്കുക.
 
സ്ക്രീനിങ് ടെസ്റ്റിലെ മാർക്കുകൾ അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല. മെയിൻ പരീക്ഷയ്‌ക്ക് തസ്‌തികയ്‌ക്ക് അനുസരിച്ചുള്ള ചോദ്യങ്ങളാണുണ്ടാവുക.അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകൾ ഡിസംബർ മുതൽ ആരംഭിക്കും. നീട്ടിവെച്ച പരീക്ഷകൾ സെപ്‌റ്റംബർ മുതൽ ആരംഭിക്കും.കെ.എ.എസ് പ്രിലിമിനറി ഫലം വൈകാതെ പ്രസിദ്ധീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍