ജലന്ധർ പീഡനം; പരാതിക്കാരി ഉള്‍പ്പെടെയുള്ള ആറ് കന്യാസ്ത്രീകളെ സഭയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം

ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (11:02 IST)
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പരാതിക്കാരി ഉള്‍പ്പെടെ ആറ് കന്യാസ്ത്രീകളെ സഭയില്‍ നിന്ന് പുറത്താക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. മീഡിയാ വണ്‍ വാര്‍ത്താ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 
 
മിഷണറീസ് ഓഫ് ജീസസ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കും എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കന്യാസ്ത്രീകള്‍ എറണാകുളത്ത് ഹൈക്കോര്‍ട്ട് ജംഗ്ഷന് സമീപം പരസ്യമായി സമരത്തിന് ഇരിക്കുകയും സഭയ്ക്ക് മേല്‍ വന്‍ സമ്മര്‍ദ്ദം ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് പരാതിക്കാരിയെയും അവരെ പിന്തുണയ്ക്കുന്നവരെയും പുറത്താക്കി ആരോപണവിധേയനെ സംരക്ഷിക്കാനുള്ള നീക്കം സഭ നടത്തുന്നത്.
 
കന്യാസ്‌ത്രീകളുടെ സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. പൊലീസ് ബിഷപ്പ് ഫ്രാങ്കോയെ അറസ്‌റ്റുചെയ്യുന്നതുവരെ സമരം തുടരുമെന്ന് ഇവർ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഇരയായ കന്യാസ്‌ത്രീ പരാതി നൽകിയിട്ട് 77 ദിവസങ്ങൾ കഴിഞ്ഞു. പൊലീസും സഭയും ആരോപണ വിധേയനായ ബിഷപ്പിനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും കന്യാസ്‌ത്രീകൾ ആരോപിച്ചിരുന്നു.
 
അതേസമയം, വി എം സുധീരന്‍, പന്ന്യന്‍ രവീന്ദ്രന്‍, ജോയന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രതിനിധികൾ, പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ബന്ധുക്കള്‍ എന്നിവർ ഊൾപ്പെടെയുള്ളവർ സേവ് അവർ സിസ്‌റ്റേഴ്‌സ് കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം നടത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍