വാളയാറിൽ സഹോദരിമാർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ രൂക്ഷമായ വിമർശനവുമായി നടൻ പൃഥ്വിരാജ്. ഇരക്ക് നീതി ആവശ്യപ്പെട്ട് പൃഥ്വി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തി. ഇത്തരം സംഭവങ്ങളിൽ നിരന്തരം കുറിപ്പുകൾ എഴുതേണ്ട അവസ്ഥയിലേക്ക് സമൂഹം മാറി എന്ന് പൃഥ്വി കുറിപ്പിൽ പറയുന്നു.
സമൂഹത്തിൽ ഒരു പ്രശ്നമുണ്ടായാൽ സാമൂഹ്യ മാധ്യമങ്ങളിലെ ജനക്കൂട്ടം ഇടപെട്ട് ഒരു മൂവ്മെന്റ് ഉണ്ടായാൽ മാത്രമേ നടപടി ഉണ്ടാകു എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു എന്നും പൃഥ്വി കുറിപ്പിൽ പറയുന്നുണ്ട്. ഭരണവ്യവസ്ഥയിൽ പ്രതീക്ഷ കൈവിടുമ്പോൾ എല്ലായിപ്പോഴും വിപ്ലവം ഉണ്ടായിട്ടുണ്ട് എന്ന് സർക്കാരിനെ ഒർമ്മപ്പെടുത്തുകകൂടി ചെയ്യുന്നുണ്ട് പൃഥ്വി പോസ്റ്റിലൂടെ.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അത്തരമൊരു സമയത്തിലാണ് വീണ്ടും നമ്മൾ, സാമൂഹ്യ മാധ്യമങ്ങളിൽ കുറച്ച് ഫോളോവേഴ്സ് ഉള്ള ആളുകൾ (ഞാൻ ഉൾപ്പെടെ) വൈകാരികമായ വാക്കുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന സമയം. രണ്ട് പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും എങ്ങനെ നീതി നിഷേധിക്കപ്പെട്ടു എന്നും ഒരു സമൂഹമെന്ന നിലയിൽ നമ്മൾ എങ്ങനെ നീതിക്ക് അർഹരാണ് എന്നും, “ഹാഷ്‌ടാഗുകൾ” ഉപയോഗിച്ച് എന്നങ്ങനെ പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടാം എന്നുമെല്ലാം പറയുന്ന കുറിപ്പുകൾ.
ഇതെല്ലാം ഇങ്ങനെ പറയേണ്ടതുണ്ടോ ഒരു സിസ്റ്റം പ്രവർത്തിക്കുന്നതിന് സാമൂഹ്യ മാധ്യമങ്ങളിലെ ഒരു ജനക്കൂട്ടത്തിന്റെ ഇടപെടൽ ആവശ്യമുണ്ടോ ? ആ രൂപത്തിലേക്ക് നമ്മൾ മാറിക്കഴിഞ്ഞോ ? ഒരു ജനത അവരുടെ ഘടന നിലനിർത്തുന്ന ഭരണവ്യവസ്ഥയിൽ പ്രതീക്ഷ കൈവിടുമ്പോള്‍, എല്ലായിപ്പോഴും വിപ്ലവം ഉണ്ടാകും. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ.