ശബരിമലയിലെ തര്‍ക്കത്തില്‍ ഭക്തരുടെ അഭിപ്രായം കേട്ടതിനു ശേഷമേ തീരുമാനമെടുക്കാവൂ എന്ന് രമേശ് ചെന്നിത്തല

വെള്ളി, 19 ഓഗസ്റ്റ് 2016 (15:40 IST)
ശബരിമല സംബന്ധിച്ച വിഷയങ്ങളില്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്‌ണനെ അനുകൂലിച്ച് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ ഭക്തരുടെ അഭിപ്രായം കേട്ടതിനു ശേഷമേ അന്തിമതീരുമാനമെടുക്കാവൂ എന്നാണ് ചെന്നിത്തല നിര്‍ദ്ദേശിച്ചിരിക്കുന്നത്.
 
വിവാദങ്ങളില്‍ നിന്ന് ശബരിമലയെ ഒഴിവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തര്‍ക്കങ്ങളില്‍ സമന്വയത്തില്‍ എത്തണമെന്നും ഭക്തരുടെ വികാരങ്ങള്‍ മനസ്സിലാക്കണമെന്നും ചെന്നിത്തല നിര്‍ദ്ദേശിച്ചു. ഏകപക്ഷീയമായ ഒരു നടപടിയും സ്വീകാര്യമായിരിക്കില്ല. ഭക്തരുടെ വികാരങ്ങള്‍ മനസ്സിലാക്കി ആചാരങ്ങളും അനുഷ്‌ഠാനങ്ങളും കണക്കിലെടുക്കാനും സര്‍ക്കാര്‍ തയ്യാറകണമെന്നും ചെന്നിത്തല അഭ്യര്‍ത്ഥിച്ചു.
 
കഴിഞ്ഞ ദിവസം ശബരിമലയിലെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവലോകനയോഗം നടന്നിരുന്നു. ഈ യോഗത്തില്‍ മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡ് അധ്യക്ഷനും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ആയിരുന്നു ദേവസ്വം ബോര്‍ഡിന് പിന്തുണയുമായി ചെന്നിത്തല എത്തിയത്.

വെബ്ദുനിയ വായിക്കുക