മുഖ്യമന്ത്രിയുടെ വഴിയേ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; ശബരിമലയോടു ചേര്‍ന്നു വിമാനത്താവളം വരണമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണൻ
വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (09:59 IST)
ശബരിമലയോടു ചേര്‍ന്നു വിമാനത്താവളം വരണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ പിന്തുണച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണൻ രംഗത്ത്.
ഏറെ ഭക്‍തരെത്തുന്ന ശബരിമലയില്‍ യാത്രാ സൌകര്യം സുഗമമാക്കാന്‍ ശബരിമലയോടുചേര്‍ന്നു വിമാനത്താവളം വരണം. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതിനു സ്ഥലം കണ്ടെത്തി നല്‍കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ ശബരിമലയോടുചേര്‍ന്നു വിമാനത്താവളം നിര്‍മിക്കാന്‍ ഒരുക്കമാണെങ്കില്‍ നിര്‍മാണത്തില്‍ പങ്കാളിത്തം വഹിക്കാന്‍ ബോര്‍ഡ് ഒരുക്കമാണ്. നിലയ്‌ക്കലെ ഭൂമിയും തൊട്ടടുത്ത വനഭൂമിയും തോട്ടങ്ങളും വിമാനത്താവളത്തിനായി ഉപയോഗിക്കാന്‍ സാധിക്കുന്നതാണെന്നും പ്രയാര്‍ ഗോപാലകൃഷ്ണൻ പറഞ്ഞു.
ശബരിമലയിലെ ആശങ്കകളും ആവശ്യങ്ങളും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ ശബരിമലയ്‌ക്ക് സമീപമായി വിമാനത്താവളം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.