വൈദ്യുതി മുടങ്ങുമെന്ന സന്ദേശം ഫോണില്‍ വന്നാല്‍ നിങ്ങള്‍ ഇക്കാര്യങ്ങള്‍ ചെയ്യാറുണ്ടോ? അപകടം !

ശനി, 23 ഡിസം‌ബര്‍ 2023 (08:49 IST)
അറ്റകുറ്റ പണികള്‍ക്കായി മണിക്കൂറുകളോളം വൈദ്യുതി ബന്ധം വിച്ഛേദിക്കുമ്പോള്‍ കെ.എസ്.ഇ.ബി മുന്നറിയിപ്പ് നല്‍കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? പവര്‍ കട്ടിനു മുന്നോടിയായി എത്ര സമയം മുതല്‍ എത്ര സമയം വരെ വൈദ്യുതി ഉണ്ടാകില്ലെന്ന് നിങ്ങളുടെ ഫോണിലേക്ക് സന്ദേശം വരും. ഇങ്ങനെയൊരു മുന്നറിയിപ്പ് ലഭിച്ചാല്‍ ചിലരെങ്കിലും വീടിനു ചുറ്റുമുള്ള മരങ്ങളും മരക്കൊമ്പുകളും നീക്കം ചെയ്യാന്‍ ശ്രമിക്കും. ഒരു കാരണവശാലും അങ്ങനെ ചെയ്യരുതെന്നും അത് അപകടത്തിനു കാരണമാകുമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നല്‍കുന്നു. വൈദ്യുതി ഓഫാകും എന്ന അറിയിപ്പ് ലഭിച്ചാലും കെ.എസ്.ഇ.ബി ഓഫീസുമായി ബന്ധപ്പെട്ട് പ്രത്യേക അനുമതി ലഭിച്ച ശേഷം മാത്രമേ ഇക്കാര്യങ്ങള്‍ ചെയ്യാവൂ. 
 
കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ് ഇങ്ങനെ 
 
വൈദ്യുതി മുടങ്ങുന്നതുമായി ബന്ധപ്പെട്ട് Whatsapp/SMS വഴി കെ എസ് ഇ ബി നല്‍കുന്ന സന്ദേശങ്ങളെത്തുടര്‍ന്ന് ലൈനില്‍ വൈദ്യുതിയില്ല എന്ന തെറ്റിദ്ധാരണയില്‍ ലൈന്‍ കടന്നു പോകുന്ന പ്രദേശത്തുള്ള മരങ്ങളും മരക്കൊമ്പുകളും  നീക്കം ചെയ്യാന്‍ പൊതുജനങ്ങള്‍ മുതിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 
 
പലപ്പോഴും എച്ച് ടി ലൈന്‍ മാത്രം ഓഫാക്കുകയും എല്‍ ടി ലൈന്‍ ഓഫ് ആക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഓരോ ഭാഗത്തെയും ജോലി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ലൈന്‍ ഭാഗികമായി ചാര്‍ജ് ചെയ്യാനും ഇടയുണ്ട്. കൂടാതെ, ടച്ചിംഗ് വെട്ടുന്ന ജോലി പല കാരണങ്ങളാലും മാറ്റിവയ്ക്കുന്ന സാഹചര്യവും ഉണ്ടായേക്കാം.
 
ആയതിനാല്‍ വൈദ്യുതി ഓഫാകും എന്ന അറിയിപ്പ് ലഭിച്ചാലും കെഎസ്ഇബി ഓഫീസുമായി  ബന്ധപ്പെട്ട് പ്രത്യേക അനുമതി ലഭിച്ചതിനു ശേഷം കെഎസ്ഇബി നിയോഗിക്കുന്ന സൂപ്പര്‍വൈസറുടെ സാന്നിധ്യത്തില്‍ മാത്രമേ ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ പാടുള്ളു എന്ന് ഓര്‍മ്മപ്പെടുത്തുന്നു.
 
ഇത്തരത്തിലല്ലാതെ ലോഹ നിര്‍മ്മിതമോ അല്ലാത്തതോ ആയ തോട്ടികളോ, ഏണികളോ വൈദ്യുതി ലൈനിന് സമീപം കൊണ്ടുവരുന്നത്  നിയമവിരുദ്ധവും വലിയ അപകടത്തിന് കാരണമാകുന്നതുമാണ്. ജാഗ്രത പുലര്‍ത്താം, അപകടം ഒഴിവാക്കാം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍