റേഷനരിയുടെയും ഗോതമ്പിന്‍റെയും വന്‍ ശേഖരം പിടിച്ചു

തിങ്കള്‍, 8 ജൂണ്‍ 2015 (16:11 IST)
അനധികൃതമായി സൂക്ഷിച്ച റേഷന്‍ അരിയുടെയും ഗോതമ്പിന്‍റെയും വന്‍ ശേഖരം പൊലീസ് പിടിച്ചെടുത്തു. പൂവാര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കാര്‍ത്തികേയന്‍ എന്നയാളിന്‍റെ ഗോഡൌണില്‍ നിന്നാണു ഇത് പിടിച്ചെടുത്തത്.
 
ഒരു ലോഡ് ഗോതമ്പ് ഉള്‍പ്പെടെ അഞ്ച് ലോഡ് ഭക്ഷ്യധാന്യങ്ങളാണു റെയ്ഡില്‍ പിടിച്ചെടുത്തത്. ഇതില്‍ 453 ക്വിന്‍റല്‍ റേഷനരിയും ഉള്‍പ്പെടുന്നു. ഇതിനൊപ്പം ഇത് വിതരണം ചെയ്യാനാവശ്യമായി സൂക്ഷിച്ച റെഡിമെയ്ഡ് പാക്കിംഗ് ബാഗുകളും പിടിച്ചെടുത്തു.
 
തിരുവനന്തപുരം സപ്ലൈ ഓഫീസര്‍ രതികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണു ഇത് പിടികൂടിയത്. റെയ്ഡിനു പൊലീസിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും അത് ലഭിച്ചില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. റേഷന്‍ സാധനങ്ങള്‍ ബ്രാന്‍ഡഡ് സാധനങ്ങളാക്കി ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാനാണ് പദ്ധതി തയ്യാറാക്കിയിരുന്നത് എന്ന് അധികൃതര്‍ അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക