വൃദ്ധ ദമ്പതികളെ ഇറക്കിവിട്ട സംഭവം; ബാങ്കിനെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി
വ്യാഴം, 24 ഓഗസ്റ്റ് 2017 (19:52 IST)
സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ നിന്നും ഒന്നരലക്ഷം വായ്പയെടുത്ത വൃദ്ധ ദമ്പതികളെ ജപ്തി നടപ്പിലാക്കാനായി വീട്ടിൽ നിന്നും ഇറക്കിവിട്ടു നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.
വൃദ്ധ ദമ്പതികളെ ഇറക്കിവിട്ട വീട്ടിൽത്തന്നെ താമസിപ്പിക്കും. ബാങ്ക് അധികൃതർ ചെയ്തത് നീതികരിക്കാനാവില്ല. ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണ് അവിടെയുണ്ടായത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കും. സഹകരണസംഘങ്ങൾക്ക് ചേർന്നതല്ല ഈ പ്രവര്‍ത്തിയെന്നും തിരുവനന്തപുരത്ത് കൺസ്യൂമർഫെഡിന്റെ ഓണം - ബക്രീദ് ചന്ത ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി വ്യക്തമാക്കി.
തൃപ്പൂണിത്തുറയിലാണ് ക്ഷയരോഗ ബാധിതരായ വൃദ്ധ ദമ്പതികളെ ജപ്തിയുടെ പേരിൽ വലിച്ചിഴച്ച് റോഡിലിറക്കി വിട്ടത്. ഏഴു വർഷം മുൻപാണ് ദമ്പതികൾ ഒന്നരലക്ഷം രൂപ വായ്പയെടുത്തത്. പലിശയടക്കം ഏകദേശം 2,70000 രൂപയാണ് ഇവർ തിരിച്ചടയ്ക്കേണ്ടത്. അസുഖബാധിതരായതിനെ തുടർന്ന് വായ്പ തിരിച്ചടയ്ക്കാൻ ഇവർക്ക് സാധിച്ചില്ല. അതാണ് ജപ്തിയിലേക്ക് കാര്യങ്ങളെത്തിച്ചത്.
പൊലീസ് നടപടിയിൽ പരുക്കേറ്റ ഇവരിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.