കുമ്മനത്തിന്‍റെയൊക്കെ വാക്കുകൾക്ക് ആരെങ്കിലും വിലകല്‍‌പ്പിക്കുമോ ?; ആക്രമണം ആസൂത്രിതം - കലിപ്പന്‍ മറുപടിയുമായി മുഖ്യമന്ത്രി

ചൊവ്വ, 13 ജൂണ്‍ 2017 (16:13 IST)
കോഴിക്കോട്ടെ അക്രമണ സംഭവങ്ങളില്‍ ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ജില്ലാക്കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ആക്രമണം ജില്ലാ സെക്രട്ടറി പി മോഹനനെ ലക്ഷ്യം വച്ചുള്ളതായിരുന്നു. ഈ ആക്രമണം ആസൂത്രിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ടുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെ വാക്കുകൾ സൂചിപ്പിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ശ്രദ്ധേയമായ പ്രസ്‌താവനയുണ്ടായത്. “ കുമ്മനത്തിന്‍റെയൊക്കെ വാക്കുകൾക്ക് ആരെങ്കിലും വിലകല്‍പ്പിക്കുമോ ” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

ആക്രമണ സംഭവങ്ങള്‍ സമാധാനയോഗത്തിലെ ധാരണകൾക്ക് വിരുദ്ധമാണ്. സിപിഎമ്മിന്‍റെതെന്നല്ല ഒരു പാർട്ടിയുടെയും ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടാകാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാമ്പാടി നെഹ്‌റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥി ആയിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. ഇതു സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക