സംസ്ഥാന പൊലീസില്‍ നാഥനില്ലാത്ത അവസ്ഥയില്ല, മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ കോടതി പരാമര്‍ശങ്ങള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ: മുഖ്യമന്ത്രി

ചൊവ്വ, 2 മെയ് 2017 (11:07 IST)
ടിപി സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി പുറപ്പെടുവിച്ച ഈ വിധി സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. ഇതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം കഴിഞ്ഞദിവസമാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സെന്‍കുമാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 
 
പരിതാപകരമായ വിഷയാവതരണമാണ് ഇതെന്നാണ് അടിയന്തര പ്രമേയത്തിനുളള യുഡിഎഫിന്റെ അനുമതി തേടലിനെ മുഖ്യമന്ത്രി പരിഹസിച്ചത്. വിഷയത്തിന്റെ ഗൗരവമില്ലായ്മയെയാണ് ഇത് കാണിക്കുന്നത്. കോടതിയുമായി ബന്ധപ്പെട്ട വിഷയം സഭയില്‍ ചര്‍ച്ച ചെയ്യുന്നതിന് ഒരുപാട് പരിമിതികളുണ്ട്. കോടതി വിധിയുടെ ഓണ്‍ലൈന്‍ പകര്‍പ്പ് കിട്ടിയ ഉടന്‍ ചീഫ് സെക്രട്ടറി നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി വിധിയിലെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം എന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കുനേരെയാണെന്നും അതുപോലെത്തന്നെയാണ് സര്‍ക്കാരിന് എതിരായ പരാമര്‍ശവുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. 
 
സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംസ്ഥാനത്ത് ഒരാഴ്ചയായി ഡിജിപിയില്ലാത്ത അവസ്ഥയാണുള്ളതെന്നും ആരാണ് ഡിജിപിയെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയുമോ എന്നുമായിരുന്നു എം. ഉമ്മര്‍ എംഎല്‍എ അവതരിപ്പിച്ച അടിയന്തര പ്രമേയത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍. സുപ്രീംകോടതി വിധിയെ നിയമപരമായി അംഗീകരിക്കുന്നു. സംസ്ഥാന പൊലീസില്‍ നാഥനില്ലാത്ത അവസ്ഥയില്ല, കൃത്യമായ നാഥന്‍ നിലനില്‍ക്കുന്നുണ്ട്. ജനങ്ങളിലെ അസംതൃപ്തി കണക്കിലെടുത്താണ് സെന്‍കുമാറിനെ മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി.

വെബ്ദുനിയ വായിക്കുക