ഫയല്‍ വൈകിപ്പിക്കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും അഴിമതിയാണെന്ന് മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (18:14 IST)
പാരിതോഷികങ്ങള്‍ കൈപ്പറ്റുന്നതു മാത്രമല്ല ഫയല്‍ വൈകിപ്പിക്കുന്നതും ജനങ്ങളെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതും അഴിമതിയുടെ ഗണത്തില്‍പ്പെടുന്നവയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്കുള്ള സാധ്യതകള്‍ പൂര്‍ണമായി ഇല്ലാതാക്കി അഴിമതിമുക്ത കേരളത്തിലേക്കു നീങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജിലന്‍സ് ബോധവത്കരണ വാരാചരണത്തിന്റെയും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ വിവിധ നിര്‍മിതികളുടേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
 
അഴിമതിക്ക് അവസരം നല്‍കാതിരിക്കുക, അതിന്റെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുന്ന നടപടികള്‍ സ്വീകരിക്കുക എന്നിവയ്ക്കു പ്രാധാന്യം നല്‍കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് അഴിമതി സാധ്യതകള്‍ എങ്ങനെയാണു വരുന്നതെന്നു മനസിലാക്കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കു കഴിയണം. ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണമുണ്ടാകണം. ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വകുപ്പ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തണം. ചിലയിടങ്ങളില്‍ ഇടനിലക്കാരുണ്ടെന്നു കേള്‍ക്കുന്നുണ്ട്. അങ്ങനെയുള്ളവരെ കണ്ടെത്താനും സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്ന് പൂര്‍ണമായി അകറ്റി നിര്‍ത്താനുമുള്ള നടപടികള്‍ സ്വീകരിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍