പെപ്‌സിയും കോളയും വീണ്ടും വിപണിയില്‍ ; ബഹിഷ്‌കരണ തീരുമാനത്തില്‍ നിന്നും വ്യാപാരികള്‍ പിന്മാറി

വ്യാഴം, 16 മാര്‍ച്ച് 2017 (16:19 IST)
ജലചൂഷണം നീര്‍ത്തലാക്കുന്നതിന്റെ ഭാഗമായി പെപ്‌സി, കോള, ഉത്പന്നങ്ങള്‍  ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്നും വ്യാപാരികള്‍ പിന്മാറി. ഇന്നലെ നടന്ന കേരള വ്യാപാരി വ്യാവസായി ഏകോപന സമിതിയുടെ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് ബഹിഷ്‌കരണ സമരത്തില്‍ നിന്നും പിന്മാറുന്നതായി അധികൃതര്‍ അറിയിച്ചത്.
 
കേരളത്തിലെ പത്ത് ലക്ഷത്തോളം വരുന്ന വ്യാപാരികള്‍ കോള, പെപ്‌സി, പെപ്‌സി ഉത്പന്നങ്ങളുടെ വില്‍പന നിര്‍ത്തിവയ്ക്കുമെന്നും വാങ്ങിവച്ച ഉത്പന്നങ്ങള്‍ ഒരാഴ്ചയ്ക്കകം കമ്പനിക്ക് തിരികെ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ബഹുരാഷ്ട്ര ശീതളപാനീയ കമ്പനികളുടെ ഉത്പന്നങ്ങള്‍ക്ക് പകരം നാടന്‍ പാനീയങ്ങള്‍ വില്‍ക്കാനാണ് ആലോചനയെന്നും ജലചൂഷണത്തിനെതിരെയുളള പോരാട്ടത്തില്‍ അണിനിരക്കുമെന്ന് കേരള വ്യാപ്യാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദിന്‍ പറഞ്ഞുരുന്നു.
 
എന്നാല്‍ ഇന്നലെ നടന്ന കേരള വ്യാപാരി വ്യാവസായി ഏകോപന സമിതിയുടെ സെക്രട്ടറിയേറ്റ് യോഗത്തില്‍ നേതാക്കളുടെ ഏകപക്ഷീയ തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനമുണ്ടായി. ബഹിഷ്കരണ തീരുമാനത്തില്‍ നിന്നും പിന്മാറി തീരുമാനം നടപ്പിലാക്കുന്നതിന് സര്‍ക്കാറിനെ കൂട്ടുപിടിക്കാനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം വിമര്‍ശനത്തിലേക്ക് വഴിതുറക്കുകയായിരുന്നു.
 
 
 
 
 

വെബ്ദുനിയ വായിക്കുക