തദ്ദേശ തെരഞ്ഞെടുപ്പ്: പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

വ്യാഴം, 15 ഒക്‌ടോബര്‍ 2015 (09:16 IST)
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. പഞ്ചായത്ത്, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലേക്കായി ഒന്നര ലക്ഷത്തോളം പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്.

ശനിയാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസം. ചിഹ്നത്തിനുള്ള അപേക്ഷ 17ന് ഉച്ചയ്ക്കു മൂന്ന് മണിക്ക് മുന്‍പ് വരണാധികാരിക്കു നല്‍കണം. അടുത്ത മാസം രണ്ടിനും അഞ്ചിനുമാണ് വോട്ടെടുപ്പ്. നിസാര തെറ്റുകളുടെ പേരില്‍ പത്രിക തള്ളരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അവസാനദിവസമായ ബുധനാഴ്‌ച രാവിലെ 11 മണി മുതല്‍ മൂന്നുമണി വരെയുള്ള സമയത്തിനിടെ പത്രിക സമര്‍പ്പണത്തിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി നിര്‍ണയം ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നെങ്കിലും അവസാനദിവസമായ ബുധനാഴ്‌ചയാണ് പത്രികാസമര്‍പ്പണത്തിന് മിക്കവരും തെരഞ്ഞെടുത്തത്.

വെബ്ദുനിയ വായിക്കുക