സോളാര്‍ തട്ടിപ്പ് കേസില്‍ കേരളാ കോൺഗ്രസ് (ബി) എംഎൽഎ കെബി ഗണേഷ് കുമാറിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൊഴി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ കത്തില്‍ മൂന്നുപേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറെന്നാണ് കൊട്ടാരക്കര കോടതിയില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
21 പേജുള്ള കത്ത് 24 പേജാക്കിയത് ഗണേഷാണ്. മന്ത്രിസ്ഥാനം നല്‍കാത്തതിന്റെ വൈരാഗ്യത്താലാണ് ഇപ്രകാരം പ്രവർത്തിച്ചത്. ഗണേഷിന്റെയും സരിതയുടെയും ആരോപണങ്ങള്‍ക്ക് പിന്നില്‍ മന്ത്രിസ്ഥാനം ലഭിക്കാത്തതിന്റെ വിരോധമായിരുന്നുവെന്നും കോടതിക്ക് മുന്നിൽ നൽകിയ മൊഴിയിൽ ഉമ്മന്‍ചാണ്ടി പറയുന്നു.
കേസില്‍ സത്യം പുറത്തുവരുമെന്ന് കോടതിയില്‍ നിന്നും പുറത്തെത്തിയ ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഉമ്മന്‍ചാണ്ടിയുടെ മൊഴി തെറ്റാണെന്ന് സരിത വ്യക്തമാക്കി. കത്ത് എഴുതിയത് താന്‍ തന്നെയാണെന്നും ഇതില്‍ ഗണേഷിന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.