അടുത്ത ഓണം ഉണ്ണാം... തമിഴന്റെ പച്ചക്കറിയില്ലാതെ...!
ചൊവ്വ, 16 ജൂണ്‍ 2015 (19:49 IST)
ദിവസേന 2000 ടൺ പച്ചക്കറി തമിഴ്‌നാട്ടിൽ നിന്നു വാങ്ങുന്ന കേരളത്തെ പൂർണമായും സ്വയംപര്യാപ്‌തമാക്കാനും ഓണത്തിനുള്ള പച്ചക്കറി മുഴുവൻ ഇവിടെ വിളിയിക്കാനുമുള്ള ദൗത്യം കൃഷിവകുപ്പ് തുടങ്ങുന്നു. ഓണക്കാലത്തു മാത്രം 10,000 ടൺ പച്ചക്കറിയാണ് തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലേക്ക് ഒഴുകുന്നത്. ഇത്രയധികം പച്ചക്കറി ഇവിടെ ഉൽപാദിപ്പിക്കുകയെന്നത് വലിയ വെല്ലുവിളിയാണെങ്കിലും നേടിയെടുക്കുമെന്ന് ആത്മവിശ്വാസത്തിലാണ് കൃഷിവകുപ്പ്.
ഇതിന്റെ ഭാഗമായി 50 ലക്ഷം വീടുകളിലേക്ക് പച്ചക്കറിവിത്തുകൾ എത്തിക്കുകയെന്ന യജ്‌ഞത്തിലാണ് സർക്കാർ. 15 ലക്ഷം ഗ്രോ ബാഗുകളും നൽകും. 800 ക്ലസ്‌റ്ററുകളെയും ഉൽപാദനത്തിൽ പങ്കാളികളാക്കും. 15 ഇടങ്ങളിൽ വിപുലമായ നഴ്‌സറികളും 800 റയിൻ ഷെൽറ്ററുകളും സ്‌ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമെ സന്നദ്ധ സംഘടനകൾ വഴി പച്ചക്കറി കൃഷി ജനങ്ങളിലെത്തിക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്.
രാസ കീടനാശിനികള്‍ക്ക് പകരമായി പുകയിലക്കഷായവും പരമ്പരാഗത കീട നിയന്ത്രണ മാര്‍ഗങ്ങളും ജൈവ വളമുപയോഗിച്ചുള്ള വളപ്രയോഗവുമാണ് ഈ കൃഷിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ലക്ഷ്യം വിജയിച്ചാല്‍ വിഷലിപ്തമല്ലാത്ത പച്ചക്കറി കൂട്ടി ഇത്തവണത്തെ ഓണം നമുക്ക് വിശ്വസിച്ച് വയറുനിറയെ കഴിക്കാം. നിലവില്‍ കേരളത്തിനാവശ്യമായ പച്ചകറിയുടെ 70 ശതമാനവും ഇവിടെത്തന്നെയാണ് ഉത്പാദിപ്പിക്കുന്നത്.
20 ലക്ഷം ടണ്ണാണ് കേരളത്തിനു വേണ്ടത്. ഇതിൽ 17 ലക്ഷവും ഇപ്പോൾ നമ്മൾ ഉൽപാദിപ്പിക്കുന്നുണ്ട്. മൂന്നു ലക്ഷം ടൺ ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യം കൂടി കടന്നാല്‍ കേരളം സമ്പൂര്‍ണ പച്ചക്കറി ഉത്‌പാദനത്തില്‍ സ്വയം പര്യാപ്തരാകും. കേരളത്തിലെ ഓണവിപണി ലക്ഷ്യമിട്ട് തമിഴ്‌നാട് ഇപ്പോൾ തന്നെ കൃഷി ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ പച്ചക്കറികൂടി വിപണിയിലെത്തുന്നതൊടെ ഓണവിപണിയില്‍ കടുത്ത മത്സരം ഉണ്ടാകുമെന്നാണ് കരുതുന്നത്.