റീ‍സര്‍വേയ്ക്ക് കൈക്കൂലി; റവന്യൂ വകുപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

ശനി, 29 ഒക്‌ടോബര്‍ 2016 (15:59 IST)
റീ‍സര്‍വേയ്ക്ക് നല്‍കിയ ഫയല്‍ തിരികെ ലഭിക്കാനായി കൈക്കൂലി ആവശ്യപ്പെട്ട റവന്യൂ വകുപ്പ് ജീവനക്കാരന്‍ കൈക്കൂലി വാങ്ങവേ അധികാരികളുടെ വലയിലായി. ഇടുക്കി കളക്ടറേറ്റില്‍ സര്‍വേ വിഭാഗം ഡ്രാഫ്റ്റ്സ്‍മാനായി ജോലി ചെയ്യുന്ന കെ.വി.ഷാന്‍ എന്നയാളാണു വിജിലന്‍സ് പിടിയിലായത്.

ഡി.വൈ.എസ്.പി ജോണ്‍സണ്‍ ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. നെറ്റിത്തൊഴു സ്വദേശി ചക്കാലയ്ക്കല്‍ സി.എം.മാത്യു നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് ഇയാള്‍ക്ക് വലയൊരുക്കിയത്. റീ‍സര്‍വേയ്ക്ക് നല്‍കിയ ഫയല്‍ തിരികെ ലഭിക്കണമെങ്കില്‍ 2000 രൂപ കൈക്കൂലി വേണമെന്ന് ഷാന്‍ ആവശ്യപ്പെട്ടു.

ഇരുപത്തിയേഴാം തീയതിയേ പണം ഉണ്ടാവുകയുള്ളൂ എന്നു പറഞ്ഞപ്പോള്‍ അന്നു പണവുമായി വരാന്‍ ഷാന്‍ പറഞ്ഞു. ഇതിനിടെ മാത്യു വിജിലന്‍സുമായി ബന്ധപ്പെടുകയും അവര്‍ പറഞ്ഞതനുസരിച്ച് ഫിനോസ്റ്റിലിന്‍ പുരട്ടിയ നോട്ട് ഷാനു നല്‍കി. എന്നാല്‍ വിജിലന്‍സ് എത്തും‍മുമ്പു തന്നെ നിമിഷങ്ങള്‍ക്കകം നോട്ടുകള്‍ ഷാന്‍ മാറ്റിയിരുന്നു. എങ്കിലും കൈയില്‍ പുരണ്ട ഫിനോസ്റ്റിലിന്‍ രാസപരിശോധനയിലൂടെ വിജിലന്‍സ് കണ്ടെത്തി.

വെബ്ദുനിയ വായിക്കുക