ബാങ്കുകളിൽ തിരിച്ചെത്തിയത് കള്ളപ്പണം: കെ സുരേന്ദ്രൻ

വെള്ളി, 31 ഓഗസ്റ്റ് 2018 (10:49 IST)
നോട്ട് നിരോധനം വിജയകരമായിരുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. നോട്ടുനിരോധനത്തിലൂടെ കള്ളപ്പണം തിരിച്ചെത്തിയില്ലെന്ന ആരോപണം ആസൂത്രിതമാണെന്ന് സുരേന്ദ്രൻ ഒരു ചാനലിനോട് പ്രതികരിച്ചു. തിരിച്ചെത്തിയ നോട്ടുകളിൽ നല്ലൊരു ശതമാനം കള്ളപ്പണമാണെന്ന് സുരേന്ദ്രൻ അവകാശപ്പെടുന്നു.
 
നോട്ടുനിരോധനം പരാജയപ്പെട്ടുവെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് കള്ളപ്പണക്കാരെ സഹായിക്കുന്നവരാണ്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ സുതാര്യത കൊണ്ടുവരാൻ നോട്ടുനിരോധനത്തിനു സാധിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.
 
ബാങ്കിൽ തിരിച്ചെത്തിയ നോട്ടുകളിൽ കണക്കിൽപ്പെടാത്ത ഒരു നോട്ടും മാറ്റിക്കൊടുത്തിട്ടില്ല. കണക്കിൽപ്പെടാത്ത ഓരോ നോട്ടിനും മോദി സർക്കാർ കണക്കു പറയിച്ചിട്ടുണ്ട്. പെനാൾട്ടി അടപ്പിച്ചിട്ടുണ്ട്. ഇപ്പോഴും അതു സംബന്ധിച്ച വ്യവഹാരങ്ങൾ തുടരുന്നു. മൂന്നു ലക്ഷം കോടി രൂപ കള്ളപ്പണമാണെന്ന് സർക്കാർ കണക്കുകൂട്ടിയിരുന്നു. അതു ശരിയായിരുന്നു എന്നാണ് പിന്നീട് വന്ന നികുതിദായകരുടെ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് നേരത്തേ സുരേന്ദ്രൻ വാദിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍