നെട്ടൂർ കൊലപാതകം; അർജുനെ കൊന്നതും സുഹൃത്തുക്കൾ, പ്രതികളെ പിടിച്ചത്ം സുഹൃത്തുക്കൾ

വെള്ളി, 12 ജൂലൈ 2019 (09:12 IST)
കൊച്ചിയിൽ കാണാതായ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികൾ അറസ്റ്റിലായത് മറ്റ് സുഹൃത്തുക്കളുടെ സന്ദർഭോചിതമായ ഇടപെടലിനെ തുടർന്ന്. പ്രതികളെ പൊലീസിലേൽപ്പിച്ചത് കൊല്ലപ്പെട്ട അർജുന്റെ സുഹൃത്തുക്കൾ. ജൂലായ് രണ്ടിനാണ് അർജുനെ കാണാതാവുന്നത്. പിന്നാലെ സുഹൃത്തുക്കളും ബന്ധുക്കളും പൊലീസ് പരാതി നൽകുകയായിരുന്നു. എന്നാൽ, ഇതിനു മുന്നേ അർജുന്റെ സുഹൃത്തുക്കൾ അവരുടേതായ രീതിയിൽ അന്വേഷണം നടത്തുന്നുണ്ടായിരുന്നു.
 
അർജുനെ പരിചയമുള്ളവരിൽ നിന്നെല്ലാം സുഹൃക്കൾ വിവരങ്ങൾ ശേഖരിക്കുന്നുണ്ടായിരുന്നു. ജൂണ്‍ മൂന്നിന് പുലര്‍ച്ചെ 12.13-വരെ അര്‍ജുന്‍ ഫോണിൽ ചാറ്റ് ചെയ്തതായി മറ്റ് സുഹൃത്തുക്കൾ അറിയിച്ചു. തുടർന്ന് അർജുനെ വീട്ടിൽ നിന്നും അവസാനം വിളിച്ച് കൊണ്ട് പോയവനെ ചോദ്യം ചെയ്തു. ഇവരിൽ നിന്നുമാണ് സുഹൃത്തുക്കൾ പ്രതികളിലേക്കെത്തുന്നത്. 
 
തന്റെ സഹോദരന്റെ മരണത്തിനുത്തരവാദിയായ അർജുനെ കൊല്ലുമെന്ന് നിപിൻ പീറ്റർ പറഞ്ഞതായി അറിഞ്ഞ സുഹൃത്തുക്കൾ അന്വേഷണം നിപിൽ മാത്രം കേന്ദ്രീകരിച്ചു. നിപിനെ നേരിട്ട് കണ്ട് വിവരങ്ങൾ തേടിയെങ്കിലും ഇയാൾ തന്ത്രപൂർവ്വം ഒഴിഞ്ഞ് മാറുകയും ചെയ്തു. സംശയം തോന്നിയ ഇവർ നിപിനേയും രണ്ടാം പ്രതി റോണി റോയിയേയും അർജുന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി. ചോദ്യം ചെയ്യലിന്റെ രീതി മാറിയപ്പോൾ ഭയന്ന് പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. 
 
സംശയം ഉണ്ടാകാതിരിക്കാനാണ് പ്രതികൾ സുഹൃത്തുക്കൾ വിളിച്ചപ്പോഴൊക്കെ വന്നത്. അർജുന്റെ കൊലയാളികളെ കണ്ടെത്താനെന്ന വ്യാജേന ഇവരും ഇടയ്ക്ക് അന്വേഷണത്തിൽ പങ്കാളി ആകുന്നുണ്ടായിരുന്നു. എന്നാൽ, തങ്ങളെ സുഹൃത്തുക്കൾക്ക് സംശയമുണ്ടെന്ന കാര്യം തിരിച്ചറിയാൻ പ്രതികൾ വൈകി. അതാണ് പിടിവള്ളിയായതും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍