ഗതാഗതമന്ത്രി തോമസ് ചാണ്ടിയ്ക്ക് ക്ലീൻചിറ്റ് നൽകി എൻസിപി സംസ്ഥാന നേതൃത്വം. ഒരുതരത്തിലുള്ള അഴിമതിയും തോമസ് ചാണ്ടി നടത്തിയിട്ടില്ലെന്നും അനാവശ്യ ആരോപണങ്ങളിൽ നടപടിയെടുക്കേണ്ട കാര്യമില്ലെന്നും എൻസിപി തോമസ് ചാണ്ടിയോടൊപ്പമാണെന്നും എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ മാസ്റ്റർ പറഞ്ഞു.
അതേസമയം, ഉഴവൂർ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടു പരാതി നൽകിയ മുജീബ് റഹ്മാനെ പാർട്ടിയിൽനിന്നു പുറത്താക്കി. എൻസിപി സംസ്ഥാന നേതൃത്വത്തിന്റേതാണു ഈ നടപടി. മാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും പാർട്ടിയെ വിമർശിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.
ആലപ്പുഴ കുട്ടനാട്ടിൽ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള പാലസ് റിസോർട്ടിലേക്കുള്ള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് ടാറിംഗ് നടത്തിയതന്നും അഞ്ച് ഏക്കർ കായൽ കൈയേറിയെന്നുമായിരുന്നു തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണം. ആരോപണമുയർന്നതിനു പിന്നാലെ റിസോർട്ടുമായി ബന്ധപ്പെട്ട റവന്യു രേഖകൾ ആലപ്പുഴ നഗരസഭയിൽനിന്നു കാണാതാകുകയും ചെയ്തിരുന്നു.