കേരളത്തിലും പ്രീപ്പെയ്ഡ് യാത്രാ കാര്‍ഡ്, അതും സ്വകാര്യ ബസ്സുകളില്‍!
വെള്ളി, 11 ജൂലൈ 2014 (13:22 IST)
കെഎസ്ആര്‍ടിസിയെ നാണിപ്പിക്കുന്ന തരത്തില്‍ ബസ് യാത്രക്കാര്‍ക്ക് പുതുമകള്‍ സമ്മാനിക്കുകയാണ് ഹൈറേഞ്ചിലേ ഒരുകൂട്ടം ബസ് മുതലാളിമാര്‍. മറ്റൊന്നുമാല്ല വിദേശ രാജ്യങ്ങളില്‍ മാത്രം പ്രചാരത്തിലുള്ള യാത്രാ കാര്‍ഡ് അവതരിപ്പിച്ചാണ് സ്വകാര്യ ബസ്സുകള്‍ കെഎസ്‌ആര്‍ടിസിയെ അമ്പരപ്പിച്ചിരിക്കുന്നത്. കാര്‍ഡ് പക്ഷെ ബസ് കൂട്ടായ്മയിലുള്ള ബസ്സുകളിലെ സ്ഥിരം യാത്രക്കാര്‍ക്ക് മാത്രമെ ഇപ്പോള്‍ നല്‍കുന്നുള്ളു.
ഹൈറേഞ്ച് മേഖലയില്‍ സര്‍വ്വിസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ കൂട്ടായ്മയായ ഹൈറേഞ്ച് അസ്സൊസിയേഷന്റെ മൈ ബസ് കൂട്ടായ്മയാണ് വീല്‍സ് കാര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന സ്മാര്‍ട്ട് കാര്‍ഡുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ചില്ലറയേപ്പറ്റിയുള്ള കലഹങ്ങള്‍ പതിവായതോടെയാണ് ബദല്‍ മാര്‍ഗ്ഗങ്ങളേ പറ്റി ബസ്സ് ഉടമകള്‍ കൂട്ടായ് ആലോചിച്ചത്, ഇതേ തുടര്‍ന്ന് ഉരുത്തിരിഞ്ഞു വന്ന ആശയമാണ് വീല്‍സ് കാര്‍ഡ് എന്നത്.
പണം കയ്യില്‍ കരുതിയില്ലെങ്കിലും കാര്‍ഡ് ചാര്‍ജ് ചെയ്തിട്ടുണ്ടെങ്കില്‍ കണ്ടകടറുടെ കയ്യിലുള്ള ടിക്കറ്റ് മെഷിനില്‍ സ്വെപ് ചെയ്ത് യാത്ര ചെയ്യാം. ഇങ്ങനെ ലഭിക്കുന്ന ടിക്കറ്റില്‍ കാര്‍ഡിലേ ബാലന്‍സ് തുകയും രേഖപ്പെടുത്തിയിരിക്കും. ഇനി കാര്‍ഡിലെ പണം തീര്‍ന്നെങ്കില്‍ കണ്ടക്ടറുടെ കൈയ്യില്‍ പണം നല്‍കി കാര്‍ഡ് റീ ചാര്‍ജ് ചെയ്യുകയുമാകാം.
പദ്ധതിയില്‍ യാത്രക്കാര്‍ ആകൃഷ്ടരായതിന് വേറേയും കാരണങ്ങളുണ്ട്. എന്താണെന്നാള്‍ ഇങ്ങനെ യാത്ര ചെയ്യുന്നവര്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും എന്നതിനു പുറമെ 50,000 രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഹൈറേഞ്ച് അസ്സൊസിയേഷന്‍ ഒരുക്കിയിട്ടുണ്ട്.
കാര്‍ഡുകള്‍ വാങ്ങാന്‍ ആളുകള്‍ തിരക്കു കൂട്ടുകയാണെന്നാണ് വാര്‍ത്തകള്‍. ഇതോടെ പ്രദേശത്തുകൂടിയുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കാണ് കഷ്ടകാലം തുടങ്ങിയത്. ബസ്സുകളിലെ നല്ലൊരു ശതമാനം ഇപ്പോള്‍ ഹൈറേഞ്ച് അസ്സൊസിയേഷന്റെ ബസ്സുകളിലാണ് യാത്ര ചെയ്യുന്നത്.
ഹൈറേഞ്ച് അസ്സൊസിയേഷന്‍ നല്‍കുന്ന കാര്‍ഡ് ലഭിക്കണമെന്നുണ്ടെങ്കില്‍ 40 രൂപ കണ്ടകടറുടെ കൈവശം നല്‍കി ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ മാത്രം മതി. കൂടാതെ ഹൈറേഞ്ച് അസ്സൊസിയേഷന്റെ മൈ ബസ്സ് കൂട്ടായ്മയില്‍ ഇപ്പോള്‍ ഉപ്യോഗിക്കുന്നത് ജിപിആര്‍എസ് സംവിധാനമുള്ള ടിക്കറ്റ് മെഷിനുകളാണ്.
അതിനാല്‍ ബസ് എവിടെയെത്തി,എത്ര യാത്രക്കാര്‍ ബസ്സിലുണ്ട്, എത്ര രൂപ ലഭിച്ചു എന്നുള്ള വിവരങ്ങള്‍ കൊട്ടയത്തേ മൈബസ് ഓഫീസിലുള്ള സെര്‍വ്വറില്‍ തത്സമയം ലഭ്യമാകുമെന്നുള്ള പ്രത്യേകതയുമുണ്ട്.