എറണാകുളം: ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മരണ കാരണം കൊലപാതകമെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അഞ്ചു പേരെ അറസ്റ്റ് ചെയ്തു. എറണാകുളം ലിസി ആശുപത്രിക്കടുത്ത് ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം വിളപ്പിൽശാല ചൊവ്വള്ളൂർ സ്വദേശി ലോറൻസിന്റെ മകൻ മനുക്കുട്ടൻ എന്ന (52) കാരനാണ് മരിച്ചത്.
ആസാം സ്വദേശി ഹാച്ചിമുദ്ദീൻ, ബംഗാൾ സ്വദേശിളായ ജാഫർ ആലം, മുഹമ്മദ് അസ്‌ലം, അസീം ബാകാതു എന്നിവർക്കൊപ്പം കാസർകോട് സ്വദേശി മുഹമ്മദ് അസ്ലാം എന്നിവരെയാണ് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
മനുക്കുട്ടൻ കെ.പി.ആർ സെക്യൂരിറ്റിസ് എന്ന സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഇയാളെ ഗുരുതരമായ പരുക്കുകളോടെ ബോധമറ്റ നിലയിൽ കണ്ടെത്തുകയും ലിസി ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇരുപത്തെട്ട് വ്യാഴാഴ്ച ഇയാൾ മരിച്ചതോടെ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഹോട്ടലിൽ മദ്യപിച്ചു ഭക്ഷണം കഴിക്കാൻ എത്തിയ മനുക്കുട്ടനും ഹോട്ടൽ ജീവനക്കാരും തമ്മിലുണ്ടായ വഴക്കിൽ മനുകുട്ടന് കനത്ത മർദ്ദനമേറ്റു. ഇതിനിടെ മണിക്കുട്ടന് ഹോട്ടലിന്റെ ചവിട്ടു പടിയിൽ ഇടിച്ചു തലപൊട്ടി ബോധംകെട്ടു. ഹോട്ടലുടമയുടെ നിർദ്ദേശ പ്രകാരം ജീവനക്കാർ മനുകുട്ടനെ സമീപത്തെ കാനയ്ക്ക് സമീപം കൊണ്ടിട്ടു. പിന്നീട് ഹോട്ടലിലെ രക്തക്കറ കഴുകിക്കളഞ്ഞു തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. എസ്.ഐ മാരായ രാജീവ്, സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.