നാല് വയസുകാരന്റെ മൃതദേഹം അയൽക്കാരന്റെ അലമാരയിൽ നിന്ന് കണ്ടെത്തി
നാഗർകോവിൽ: അയൽക്കാരന്റെ നാലുവയസുള്ള ബാലന്റെ സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ കുട്ടി ബഹളം വയ്ക്കുകയും കുട്ടിയെ തുണികൊണ്ട് വായ് മൂടിക്കെട്ടിയപ്പോൾ ബോധം നശിക്കുകയും തത്കാലമെന്നോണം അലമാരയിൽ ഒളിപ്പിച്ചു വയ്ക്കുകയും ചെയ്ത കേസിൽ അയൽക്കാരിയായ ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി ജില്ലയിലെ മണവാളക്കുറിച്ചിക്കടുത്തുള്ള കടിയപട്ടണം എന്ന മത്സ്യത്തൊഴിലാളി ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഗ്രാമത്തിലെ ജോൺ റിച്ചാർഡ് - സഹായ സിൽജ ദമതികളുടെ മകൻ ജോഹൻ ഋഷി എന്ന ബാലന്റെ മൃതദേഹം അയൽക്കാരിയായ ഫാത്തിമയുടെ വീട്ടിലെ അലമാരയിൽ നിന്നാണ് കണ്ടെടുത്തത്. കുട്ടിയുടെ ആഭരണങ്ങൾ ഫാത്തിമ സമീപത്തെ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചതായി പോലീസ് വെളിപ്പെടുത്തി.
സംഭവം ഇങ്ങനെ, വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു ആഭരണം അഴിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ ബഹളം വച്ചതിനെ തുടർന്ന് കുട്ടിയുടെ വായിൽ തുണികൊണ്ട് കെട്ടുകയായിരുന്നു. എന്നാൽ അബോധാവസ്ഥയിലായ കുട്ടിയെ അലമാരയിൽ വച്ചു പൂട്ടി എന്നാണു ഫാത്തിമ മൊഴി നൽകിയത്.